'മാനവികതയുടെ മഷിപ്പാത്രത്തില്‍ മുക്കിയ ഒപ്പ്'; മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

 
orthodox

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തില്‍ വലിയ ദുഖം ഉളവാക്കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ യാത്രപറയുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍. 

ക്രൈസ്തവ സഭകളുടെ കൈവഴികളിലെ തേജസ്സാര്‍ന്ന നേതൃമുഖങ്ങളിലൊന്നാണ് മാര്‍പാപ്പയുടെ വിടവാങ്ങലോടെ അസ്തമിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ വെളിച്ചം ലോകമെങ്ങും ബാക്കിയാകുക തന്നെ ചെയ്യും എന്നദ്ദേഹം പറഞ്ഞു. 2023 ല്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓര്‍മ്മയും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പങ്കുവെച്ചു.

'മാര്‍പാപ്പയുമായി 2023-ല്‍ നടത്തിയ കൂടിക്കാഴ്ച്ചയാണ് ഈ സന്ദര്‍ഭത്തില്‍ ആദ്യം ഓര്‍ക്കുന്നത്. അന്ന് അദ്ദേഹം എന്നെ വിളിച്ചത് 'പ്രിയപ്പെട്ടവനെന്നും, ദീര്‍ഘകാലമായി കാത്തിരുന്ന സഹോദരനെ'ന്നുമാണ്. അന്നുണ്ടായത് വീട്ടിലേതുപോലുള്ള സ്‌നേഹാശ്ലേഷത്തിന്റെ ഊഷ്മളമായ അനുഭവമാണ്.

 അന്ന്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെ ആരംഭിച്ച സഭാഐക്യത്തെക്കുറിച്ച് പറഞ്ഞ പാപ്പ ബസേലിയോസ് ഔഗന്‍ ഒന്നാമനും വിശുദ്ധപോള്‍ ആറാമനുമായുളള കൂടിക്കാഴ്ച്ചയും മാര്‍ത്തോമ്മാ മാത്യൂസ് ഒന്നാമനും വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനുമായുള്ള കൂടിക്കാഴ്ച്ചയും പരാമര്‍ശിച്ചു.


 ആ വേളയില്‍  പാപ്പ പറഞ്ഞ വാചകങ്ങള്‍ ഇന്നും മനസ്സിലുണ്ട്:  'ക്രിസ്തുവിന്റെ ശരീരത്തിന്റെ മുറിവുകളെക്കുറിച്ചുള്ള അനുഭവത്തില്‍ നിന്ന് വിശുദ്ധ തോമസിന്റെ വിശ്വാസം വേര്‍തിരിക്കാനാകാത്തതായിരുന്നു. 

ചരിത്രത്തിലുടനീളം ക്രിസ്ത്യാനികളായ നമുക്കിടയില്‍ സംഭവിച്ചിട്ടുള്ള വിഭജനങ്ങള്‍ ക്രിസ്തുവിന്റെ ശരീരമായ സഭയില്‍ ഏല്പിച്ച വേദനാജനകമായ മുറിവുകളാണ്.'അഭിവന്ദ്യ പാപ്പായെ ഓര്‍മയില്‍ അനശ്വരനാക്കി നിര്‍ത്തുന്നതിന് കാരണമായ പലതില്‍ ഏറ്റവും പ്രധാനം ഇങ്ങനെ  ക്രൈസ്തവ ഐക്യത്തിനായി അദ്ദേഹം നടത്തിയ സ്‌നേഹദൗത്യങ്ങളാണ്. എപ്പോഴും അങ്ങനെയൊരു ഐക്യപ്പെടലിന്റെ സന്ദേശവാഹകനായിരുന്നു പാപ്പ. ക്രൈസ്തവസഹോദരങ്ങളുടെ ഒരുമയെ പ്രകീര്‍ത്തിച്ചാണ് സദാ സംസാരിച്ചിരുന്നതും. 

ഈവര്‍ഷം ഫെബ്രുവരിയില്‍, ക്രൈസ്തവസഭകളുടെ ഐക്യത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ നേതൃത്വത്തില്‍ നടന്ന അഞ്ചാമത് കത്തോലിക്കാ-പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ സംഗമത്തെക്കുറിച്ചും ഓര്‍ത്തുപോകുന്നു. അതില്‍ പങ്കുചേരാനെത്തിയവരെ സ്വീകരിക്കവേ മാര്‍പാപ്പ പ്രധാനമായും  പറഞ്ഞത് ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്. 

അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എരിത്രിയന്‍ തുടങ്ങിയ സഭകളില്‍ നിന്നുള്ളവര്‍ക്കൊപ്പം മലങ്കരസഭയില്‍ നിന്നുള്ള യുവവൈദികരും സന്യസ്ത്യരും സംഗമത്തില്‍ പങ്കെടുത്തിരുന്നു. അന്നത്തെ മാര്‍പാപ്പയുടെ പ്രഭാഷണം മലങ്കര ഓര്‍ത്തഡോക്‌സ് സഭ അഭിമാനത്തോടെ സ്മരിക്കുന്നു. 

അര്‍മേനിയന്‍ സഭയിലും, മലങ്കര ഓര്‍ത്തഡോക്സ് സഭയിലും നടന്ന സമാനമായ പഠനസന്ദര്‍ശനസംഗമങ്ങളെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. കൈമാറ്റസ്വഭാവമുള്ള ഇത്തരം പലവിധ കൂടിച്ചേരലുകള്‍ക്ക് നന്ദി പറയുകയും ചെയ്തു. കാരുണ്യസംവാദങ്ങളെയും സത്യസംവാദങ്ങളെയും ഒരുമിച്ചുകൊണ്ടുപോകുന്ന ഐക്യത്തിന് മുന്നില്‍ പ്രണമിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

ക്രിസ്തു അലിവിന്റെ ആള്‍രൂപമാണ്. മനുഷ്യസ്‌നേഹം എന്ന വാക്കിന്റെ എക്കാലത്തെയും വലിയ സ്വരൂപവും.  ക്രിസ്തു ജീവിതംകൊണ്ട് പഠിപ്പിച്ച മനുഷ്യപ്പറ്റിന്റെ നീരുറവകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു  കതോലിക്കാസഭയുടെ നാഥന്‍ എന്ന നിലയിലുള്ള മാര്‍പാപ്പയുടെ സഞ്ചാരം. മനുഷ്യസ്‌നേഹിയായ മാര്‍പാപ്പയ്ക്ക് അതുകൊണ്ടുതന്നെ മനസ്സുകളില്‍ മരണവുമില്ല. 

മനുഷ്യക്കടത്ത് എന്ന ആധുനിക അടിമത്തെക്കുറിച്ചുള്ള നിലപാടുകള്‍ അപരനുവേണ്ടിയുള്ള ആലോചനകളുടെ ഒരു ഉദാഹരണം മാത്രം. മനുഷ്യക്കടത്തിനെ കേവലമായ ലാഭക്കൊതിയുടെ അടയാളമായല്ല മാര്‍പാപ്പ കണ്ടത്. 

യുദ്ധവും ക്ഷാമവും മുതല്‍ കാലാവസ്ഥാവ്യതിയാനം വരെയുള്ള ആഗോളവ്യാപകമായ പ്രതിഭാസങ്ങളുടെ അനന്തരഫലമായി വിലയിരുത്തിക്കൊണ്ടാണ് അദ്ദേഹം അതിനുള്ള പോംവഴി തേടിയത്. മനുഷ്യക്കടത്തിനെതിരെ ലോകമെങ്ങുമുള്ള പ്രതിരോധപ്രവര്‍ത്തങ്ങള്‍ക്കും പ്രതികരങ്ങള്‍ക്കുമായിരുന്നു പാപ്പയുടെ ആഹ്വാനം.

രോഗബാധിതനായി ആശുപത്രിയിലാകും മുമ്പ് അദ്ദേഹം ഒപ്പുവച്ച ഒരു കത്തില്‍ പുരണ്ടതും ഇതേ ആര്‍ദ്രത തന്നെ. മാനവികതയുടെ മഷിപ്പാത്രത്തില്‍ മുക്കിയാണ് അദ്ദേഹം ആ ഒപ്പിട്ടത്. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശസംരക്ഷണത്തിനായുള്ള അമേരിക്കന്‍ കതോലിക്കാസഭയുടെ ശ്രമങ്ങള്‍ക്കുള്ള പിന്തുണ ഒരു കത്തിലൂടെ അറിയിക്കുകയായിരുന്നു മാര്‍പാപ്പ. 

അമേരിക്കയിലെ അഭയാര്‍ഥികളെയും അനധികൃത കുടിയേറ്റക്കാരെയും നാടുകടത്താനുള്ള ഭരണകൂടത്തിന്റെ നീക്കത്തെ ചെറുക്കുകയാണ് അവിടത്തെ പ്രാദേശിക സഭാനേതൃത്വം. അതിനോട് കത്തിലൂടെ കൈകോര്‍ത്തപ്പോള്‍ മാര്‍പാപ്പ വിശ്വമാനവികതയുടെ പ്രവാചകന്‍ കൂടിയായി മാറി. 

ക്രൈസ്തവസഭകളുടെ കൈവഴികളിലെ തേജസ്സാര്‍ന്ന നേതൃമുഖങ്ങളിലൊന്നാണ് മാര്‍പാപ്പയുടെ വിടവാങ്ങലോടെ അസ്തമിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ വെളിച്ചം ലോകമെങ്ങും ബാക്കിയാകുക തന്നെ ചെയ്യും'

Tags

Share this story

From Around the Web