മാർപാപ്പയുടെ സ്പെയിൻ സന്ദർശനത്തിന് മുന്നോടിയായി ഒരു ഹ്രസ്വചിത്രം
ലെയോ പതിനാലാമൻ മാർപാപ്പയുടെ ചരിത്രപരമായ സ്പെയിൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുൻഗാമികളായ വി. ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ എന്നിവരുടെ സ്പെയിൻ യാത്രകളെ അനുസ്മരിച്ചുകൊണ്ട് ഗോയ പ്രൊഡക്ഷൻസ് ഒരു ഹ്രസ്വചിത്രം പുറത്തിറക്കി. ‘ദി പോപ്സ് ഓഫ് സ്പെയിൻ’ (The Popes of Spain) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം എട്ടു മിനിറ്റ് ദൈർഘ്യമുള്ളതാണ്.
ഇരു മാർപാപ്പമാരും ചേർന്ന് സ്പെയിനിലേക്ക് നടത്തിയ എട്ട് അപ്പോസ്തോലിക സന്ദർശനങ്ങളുടെ ഊഷ്മളമായ ഓർമ്മകളാണ് ഇതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തങ്ങളുടെ പുതിയ സന്ദർശനത്തിന് മുന്നോടിയായി ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഒരുക്കുന്ന ‘ദൃശ്യ ചുവപ്പ് പരവതാനി സ്വീകരണം’ (audiovisual red carpet) ആണ് ഈ വീഡിയോയെന്ന് പ്രൊഡക്ഷൻ കമ്പനി വ്യക്തമാക്കി. വിശ്വാസികളിൽ ആവേശവും നന്ദിയും ഉണർത്താൻ ഈ ഹ്രസ്വചിത്രം സഹായിക്കും.
മതപരമായ ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തരായ ഗോയ പ്രൊഡക്ഷൻസ് മുൻപ് പുറത്തിറക്കിയ വലിയ ഡോക്യുമെന്ററികളിൽ നിന്നുള്ള ദൃശ്യങ്ങൾ ചേർത്താണ് ഈ പുതിയ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനം സ്പെയിനിന്റെ മണ്ണിൽ ഒരു പുതിയ പെന്തക്കുസ്താ അനുഭവം സമ്മാനിക്കട്ടെയെന്ന് നിർമ്മാതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.