അനുസരണം, സ്നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാല: ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: നൈമേഷികമായ വികാരങ്ങള്‍ക്കപ്പുറം, വിശ്വസ്തതയുടെ അടിസ്ഥാനം സ്ഥാപിക്കുന്ന, സ്നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാലയാണ് അനുസരണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ.
വാര്‍ഷിക സമ്മേളനങ്ങളിലും ജനറല്‍ ചാപ്റ്ററുകളിലും പങ്കെടുക്കാനെത്തിയ വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
മിഷനറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ്, സൊസൈറ്റി ഓഫ് മേരി (മാരിസ്റ്റുകള്‍), ഫ്രാന്‍സിസ്‌കന്‍ ഫ്രയേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് തുടങ്ങിയ സന്യാസ സഭകളുടെ പ്രതിനിധികള്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അനുസരണം ഉപവി പ്രവൃത്തികളുടെ പുത്രിയാണെന്ന് പാപ്പ വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. അനുസരണത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്ന് അത്ര ഫാഷനല്ല. കാരണം അത് ഒരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി കണക്കാക്കപ്പെടുന്നു.
എന്നാല്‍ അത് അങ്ങനെയല്ല, നമ്മുടെ സഹോദരങ്ങള്‍ വളരാനും ജീവിക്കാനും വേണ്ടി സ്വയം മരണത്തിന് വിട്ടുകൊടുക്കുന്ന മഹത്തായ സ്നേഹപ്രവൃത്തിയാണ് അനുസരണമെന്ന് പാപ്പ വ്യക്തമാക്കി.