പാപുവ ന്യൂ ഗിനിയയിലെ ബൊഗെയ്ന്‍വില്ലെയില്‍ കത്തോലിക്ക വിശ്വാസമെത്തിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട്

 
BPGAINVELLA


പോര്‍ട്ട് മോറെസ്ബി: ലോകത്തില്‍ ഏറ്റവുമധികം സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ പാപുവ ന്യൂ ഗിനിയയിലെ ബൊഗെയ്ന്‍വില്ലെയില്‍ കത്തോലിക്ക വിശ്വാസമെത്തിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട്. നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലെയോ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രൊ-പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ താഗ്ലെ എത്തി. വിശുദ്ധ ബലിയര്‍പ്പണത്തിലൂടെയാണ് രാജ്യത്ത് വിശ്വാസമെത്തിയതെന്ന് ബുക ദ്വീപിലുള്ള സ്വര്‍ഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ബലിയര്‍പ്പിക്കവേ അദ്ദേഹം അനുസ്മരിച്ചു.

1901 ആഗസ്റ്റ് 7-ന് അഹോക്-അഹോക് ദ്വീപില്‍ ഫാ. പീറ്റര്‍ മെയറും ഫാ. യൂജീന്‍ എന്‍ഡറും അര്‍പ്പിച്ച ആദ്യ ദിവ്യബലിയിലൂടെ പ്രദേശത്ത് എത്തിയ ക്രൈസ്തവ വിശ്വാസം, ഐക്യത്തിന്റെയും മിഷ്ണറി നിയോഗത്തിന്റെയും ശക്തിയാകണമെന്ന്, അദ്ദേഹം ആഹ്വാനം ചെയ്തു. മറ്റെല്ലാ ആശങ്കകള്‍ക്കും ഉപരിയായി ദൈവരാജ്യം തേടണമെന്നും നീതി, സ്‌നേഹം, മനുഷ്യരോടുള്ള ബഹുമാനം, പ്രകൃതിസംരക്ഷണം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജാതി, ഗോത്രം, സമ്പത്ത് തുടങ്ങിയ തലങ്ങളിലെ വ്യത്യാസങ്ങള്‍ക്കപ്പുറം ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും ഒരേ കുടുംബമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെട്ട ബൊഗെയ്ന്‍വില്ലേ രൂപതയില്‍ ഇന്ന് മുപ്പത്തിയഞ്ച് ഇടവകകളിലായി രണ്ടു ലക്ഷത്തോളം വിശ്വാസികളാണുള്ളത്. എണ്ണൂറിലധികം ഭാഷകളും നിരവധി ഗോത്രങ്ങളുമുള്ള രാജ്യത്ത് സഭ വിവിധ ജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി തുടരുന്നുണ്ടെന്ന കാര്യവും കര്‍ദ്ദിനാള്‍ തന്റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. തിരുവചനത്തിലൂടെ അറിഞ്ഞ ക്രിസ്തുവിനെ മറ്റുള്ളവരോട് പ്രഘോഷിക്കാന്‍ വിശുദ്ധ ബലിയുടെ അവസാനം അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യത്തേക്കുള്ള അപ്പസ്‌തോലിക ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മൗറീത്സ്യോ ബ്രാവി, ബിഷപ്പ് പോള്‍ സുണ്ടു തുടങ്ങിയവര്‍ വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികരായി.

Tags

Share this story

From Around the Web