ഭാരതത്തിലെ കത്തോലിക്ക സഭയ്ക്ക് അഭിമാന നിമിഷം. കന്യാകുമാരി സ്വദേശിനിയായ മദര്‍ സ്‌കോളാസ്റ്റിക്കയെ വിശുദ്ധ പദവിയിലേക്കുള്ള ആദ്യ പടിയായ 'ദൈവദാസി' ആയി പ്രഖ്യാപിച്ചു
ഭാരതത്തിലെ കത്തോലിക്ക സഭയ്ക്ക് അഭിമാന നിമിഷം. കന്യാകുമാരി സ്വദേശിനിയായ മദര്‍ സ്‌കോളാസ്റ്റിക്കയെ വിശുദ്ധ പദവിയിലേക്കുള്ള ആദ്യ പടിയായ 'ദൈവദാസി' ആയി പ്രഖ്യാപിച്ചു.
വത്തിക്കാനിലെ വിശുദ്ധര്‍ക്കായുള്ള തിരുസംഘം ഔദ്യോഗികമായി മദര്‍ സ്‌കോളാസ്റ്റിക്കയുടെ നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിയതോടെയാണ് ഈ ചരിത്ര പ്രഖ്യാപനം ഉണ്ടായത്. ഈ വാര്‍ത്ത തമിഴ്നാട്ടിലും കത്തോലിക്കാ വിശ്വാസികള്‍ക്കിടയിലും വലിയ ആഹ്ലാദത്തിന് കാരണമായിട്ടുണ്ട്.
സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ അറിയിച്ചതനുസരിച്ച്, 2026 ജനുവരി 19-നാണ് വത്തിക്കാനില്‍ നിന്നുള്ള ഔദ്യോഗിക കത്ത് സഭയ്ക്ക് ലഭിച്ചത്.
തുടര്‍ന്ന് മെയ് 10-ന് വെല്ലൂര്‍ കത്തീഡ്രലിലെ അന്നുന്‍സിയേഷന്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഇത് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. 1917 ഒക്ടോബര്‍ 15-ന് കന്യാകുമാരി ജില്ലയിലെ തിങ്കള്‍നഗറിനടുത്തുള്ള പട്ടരിവിളയില്‍ സവരിമുത്തുവിന്റെയും സവരിയായിയുടെയും മകളായാണ് മദര്‍ സ്‌കോളാസ്റ്റിക്ക ജനിച്ചത്. പിന്നീട് അവര്‍ 'സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്' എന്ന സന്യാസിനീ സമൂഹം സ്ഥാപിച്ചു.
ദരിദ്രര്‍, അഗതികള്‍, ഭിന്നശേഷിക്കാര്‍, കുഷ്ഠരോഗ ബാധിതര്‍, പ്രായമായവര്‍ എന്നിവരുടെ സേവനത്തിനായിട്ടായിരുന്നു സിസ്റ്റര്‍ തന്റെ ജീവിതം സമര്‍പ്പിച്ചത്. 2025-ല്‍ വെല്ലൂര്‍ രൂപതാ മെത്രാന്‍ ബിഷപ്പ് അംബ്രോസ് പിച്ചൈമുത്തുവിന്റെ നേതൃത്വത്തിലാണ് മദര്‍ സ്‌കോളാസ്റ്റിക്കയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് വേഗത കൈവന്നത്.
സിസ്റ്ററുടെ ജീവിതത്തെയും സല്‍ഗുണങ്ങളെയും കുറിച്ചുള്ള സമഗ്രമായ രേഖകള്‍ തയ്യാറാക്കി വത്തിക്കാന് സമര്‍പ്പിച്ചു. തമിഴ്നാട് ബിഷപ്പ് കൗണ്‍സിലിന്റെയും മറ്റ് സഭാ സമിതികളുടെയും പരിശോധനകള്‍ക്ക് ശേഷമാണ് ഈ നാമകരണ നടപടികള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചത്.
രൂപതാ തലത്തിലുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായതോടെ ഇനി നടപടികള്‍ റോമിലേക്ക് മാറും. ചരിത്ര-ദൈവശാസ്ത്ര കമ്മീഷനുകള്‍ മദര്‍ സ്‌കോളാസ്റ്റിക്കയുടെ ജീവിതരേഖകള്‍ കൂടുതല്‍ വിശദമായി പരിശോധിക്കും