ഭാരതത്തിന് അഭിമാന നിമിഷം; അല്‍മായ വനിതയെ വത്തിക്കാൻ ഡിക്കാസ്റ്ററിയിലേക്ക് നിയമിച്ച് പാപ്പ

 
Leo papa 123

വത്തിക്കാന്‍ സിറ്റി: സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള അല്‍മായ വനിതയെ നിയമിച്ച് ലെയോ പാപ്പ. 


മുംബൈ സ്വദേശിയായ കത്തോലിക്ക അല്‍മായ വനിത നേതാവ് ക്രിസ്റ്റീന്‍ നഥാനെയാണ് സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയില്‍ അംഗമായി നിയമിച്ചിരിക്കുന്നത്. 


മാനുഷിക അന്തസ്സ്, സാമൂഹിക നീതി, കുടിയേറ്റക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സഭയുടെ ഇടപെടല്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഭാരതത്തിലെ അല്‍മായ നേതൃത്വത്തിന്റെ സംഭാവനയ്ക്കു വത്തിക്കാന്‍ നല്‍കുന്ന അംഗീകാരമായാണ് നിയമനത്തെ നിരീക്ഷിക്കുന്നത്.

നിലവില്‍ ഇന്റര്‍നാഷ്ണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന നഥാന്‍, നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. 


തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പരിശുദ്ധ പിതാവിനു നന്ദി പറയുകയാണെന്നും അഗാധമായ ബഹുമാനത്തോടെ നിയമനം സ്വീകരിക്കുകയാണെന്നും ക്രിസ്റ്റീന്‍ പറഞ്ഞു. 

ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരും കുടിയിറക്കപ്പെട്ട സമൂഹങ്ങളും നേരിടുന്ന സങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഡിക്കാസ്റ്ററിയുടെ ദൗത്യത്തിന് അര്‍ത്ഥവത്തായ സംഭാവന നല്‍കാനുള്ള തന്റെ പ്രതിബദ്ധത അവര്‍ പ്രകടിപ്പിച്ചു.

ഈ നിമിഷം വ്യക്തിപരമായ ഒരു നാഴികക്കല്ലെന്നും സാമൂഹിക നീതിയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ ദീര്‍ഘകാല ഇടപെടലിനുള്ള അംഗീകാരമാണെന്നു നഥാന്‍ വിശേഷിപ്പിച്ചു. 

മുംബൈ സര്‍വകലാശാലയില്‍ സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ പഠനം നടത്തിയ അവര്‍ മുംബൈയിലെ ഗവണ്‍മെന്റ് ലോ കോളേജില്‍ നിയമപഠനങ്ങളും പൂര്‍ത്തികരിച്ചിരിന്നു. 


നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടി ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തി കൂടിയാണ് ക്രിസ്റ്റീന്‍. 2006 മുതല്‍ 2014 വരെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ തൊഴിലാളി വിദ്യാഭ്യാസത്തിനായുള്ള റീജിയണല്‍ സ്‌പെഷ്യലിസ്റ്റായും അവര്‍ സേവനമനുഷ്ഠിച്ചിരിന്നു.

Tags

Share this story

From Around the Web