കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നിരവധി കത്തോലിക്കാ ദൈവാലയങ്ങള്‍ക്കും പ്രശസ്തമായ ബസിലിക്കകള്‍ക്കും കനത്ത നാശനഷ്ടം

 
COLUMBIA


കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നിരവധി കത്തോലിക്കാ ദൈവാലയങ്ങള്‍ക്കും പ്രശസ്തമായ ബസിലിക്കകള്‍ക്കും കനത്ത നാശനഷ്ടം.


 ഓഗസ്റ്റ് 10-ന് പ്രാദേശിക സമയം രാവിലെ 7:34-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഈ ഭൂകമ്പത്തില്‍ നിരവധി ആളുകള്‍ മരണപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


 ചോക്കോ പ്രവിശ്യയിലെ സാഞ്ചോസെ ഡെല്‍ പാല്‍മര്‍ പ്രഭവകേന്ദ്രതാഹില്‍ അനുഭവപ്പെട്ട ഭൂകമ്പം ഒന്‍പതോളം പ്രവിശ്യകളെ സാരമായി ബാധിച്ചു. 

ശക്തമായ ഭൂകമ്പത്തില്‍ പുരാതന നിര്‍മ്മിതികളും കത്തീഡ്രലുകളും ഭാഗികമായി തകരുകയും കെട്ടിടങ്ങളില്‍ വലിയ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്. 


രാജ്യത്തെ ഏറ്റവും ഉയരം കൂടിയതും (119 മീറ്റര്‍) പ്രശസ്തവുമായ ഔവര്‍ ലേഡി ഓഫ് ദി റോസറി കത്തീഡ്രല്‍ ബസിലിക്കയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു.


 ഈ നിയോ-ഗോഥിക് ശൈലിയിലുള്ള ദൈവാലയത്തിന്റെ ഗോപുരങ്ങളിലൊന്ന് തകരുകയും മുകളിലുണ്ടായിരുന്ന കുരിശ് താഴേക്ക് പതിക്കുകയും ചെയ്തു.

 വിശുദ്ധ കുര്‍ബാന നടന്നിരുന്ന സമയത്താണ് ഭൂകമ്പമുണ്ടായതെങ്കിലും വിശ്വാസികളെ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 

അപകടസാധ്യത കണക്കിലെടുത്ത് കേടുപാടുകള്‍ സംഭവിച്ച ദൈവാലയങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചിടാന്‍ സഭാ അധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്. 

ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Tags

Share this story

From Around the Web