രാവിലത്തെ ഒരു കപ്പ് കാപ്പിക്കു പിന്നിൽ ഒരു മാർപാപ്പയോ? കൗതുകമുണർത്തുന്ന ചരിത്രം

 
2333

കാപ്പിയില്ലാതെ ജീവിക്കാൻ കഴിയില്ലേ? എങ്കിൽ പതിനേഴാം നൂറ്റാണ്ടിലെ ഈ മാർപാപ്പയോട് നന്ദി പറഞ്ഞോളൂ! പ്രചാരത്തിലുള്ള ഒരു കഥയനുസരിച്ച്, 1600-ൽ ക്ലെമന്റ് എട്ടാമൻ മാർപാപ്പ ഭരിച്ചിരുന്ന കാലത്താണ് ഈ ‘കാപ്പി പ്രശ്നം’ വത്തിക്കാന്റെ മുന്നിലെത്തുന്നത്. ആ സമയത്ത് മുസ്ലിം രാജ്യങ്ങളിൽ വളരെ ജനപ്രിയമായിരുന്ന കാപ്പി, പതിയെ യൂറോപ്പിലേക്കും എത്തിത്തുടങ്ങിയിരുന്നു. എന്നാൽ ചിലർക്ക് ഇത് വലിയൊരു ആശങ്കയ്ക്ക് കാരണമായി.

അക്കാലത്ത് ക്രിസ്ത്യാനികൾക്കിടയിൽ വീഞ്ഞ് (Wine) വളരെ പ്രചാരത്തിലിരുന്നിരുന്നു. മാത്രമല്ല, വിശുദ്ധ കുർബാനയിൽ ഉപയോഗിച്ചിരുന്നതും വീഞ്ഞായിരുന്നു. എന്നാൽ മുസ്ലിം മതവിശ്വാസികൾക്ക് വീഞ്ഞ് കുടിക്കാൻ പാടില്ലാത്തതിനാൽ, അവർക്ക് വീഞ്ഞിനു പകരമുള്ള ഒരു സാംസ്കാരിക പാനീയമായിട്ടാണ് കാപ്പി വന്നത്. ഇതിന്റെ ഫലമായി, കാപ്പി ഒരു ക്രൈസ്തവ വിരുദ്ധ പാനീയമാണെന്നും, അത് ‘സാത്താന്റെ കൈപ്പേറിയ കണ്ടുപിടിത്തം’ ആണെന്നും ചിലർ ചിന്തിച്ചു. അതിനാൽ മാർപാപ്പ കാപ്പിയെ അപലപിക്കണമെന്നും ക്രിസ്ത്യാനികൾ അത് കുടിക്കുന്നത് നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എന്നാൽ, തിടുക്കത്തിൽ തീരുമാനമെടുക്കുന്ന ഒരാളായിരുന്നില്ല ക്ലെമന്റ് മാർപാപ്പ. ഏതെങ്കിലും തരത്തിലുള്ള വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ്, തനിക്ക് അത് ആദ്യം രുചിച്ചു നോക്കണമെന്ന് പാപ്പ പറഞ്ഞു. അങ്ങനെ അത് കുടിച്ചു നോക്കിയ പാപ്പയ്ക്ക് കാപ്പി വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു!

“സാത്താന്റെ ഈ പാനീയം അതിമനോഹരമാണ്” എന്ന് അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു. “ഇത് അവിശ്വാസികൾക്ക് മാത്രം കുടിക്കാനായി വിട്ടുകൊടുക്കുന്നത് വലിയ കഷ്ടമായിരിക്കും!” അങ്ങനെ അദ്ദേഹം കാപ്പിയെ അനുഗ്രഹിച്ചു, ബാക്കിയെല്ലാം ചരിത്രമാണ്.

ചരിത്രകാരന്മാർ ഇതിനെ ഒരു ഔദ്യോഗിക രേഖയായി കാണുന്നതിനേക്കാൾ ഭക്തിനിർഭരമായ ഒരു ഐതിഹ്യമായിട്ടാണ് കണക്കാക്കുന്നതെങ്കിലും, കത്തോലിക്കർ ഒടുവിൽ കാപ്പിയെ എങ്ങനെ സ്വീകരിച്ചു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ ഐതിഹ്യം.

 

കടപ്പാട്- ലൈഫ് ഡേ
 

Tags

Share this story

From Around the Web