ഗ്വാഡലൂപ്പ ദേവാലയത്തിലേക്കു അംഗവൈകല്യമുള്ള ആയിരങ്ങളുടെ തീര്‍ത്ഥാടനം

മെക്‌സിക്കോ സിറ്റി; മെക്‌സിക്കോയില്‍ മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഗ്വാഡലൂപ്പ ദേവാലയത്തിലേക്കു അംഗവൈകല്യമുള്ള ഏഴായിരത്തോളം പേരുടെ തീര്‍ത്ഥാടനം. വൈകല്യമുള്ളവരാണ് തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നവരില്‍ ബഹുഭൂരിപക്ഷവും.
പെരാല്‍വില്ലോ റൗണ്ട്എബൗട്ടില്‍ ആരംഭിച്ച തീര്‍ത്ഥാടനം മരിയന്‍ ദേവാലയത്തില്‍ സമാപിച്ചു. വൈകല്യമുള്ളവര്‍ക്ക് പിന്തുണ നല്‍കുന്നതിനായി 'മെക്‌സിക്കോ വിത്ത് ലവ് ആന്‍ഡ് പീസ്' എന്ന സംഘടനയാണ് തീര്‍ത്ഥാടനം സംഘടിപ്പിച്ചത്.
ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ ചിത്രവും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസിന്റെ തിരുശേഷിപ്പും വഹിച്ചായിരിന്നു തീര്‍ത്ഥാടനം.
വൈകല്യമുള്ളവരുടെ സമഗ്രമായ വികസനവും സമൂഹവുമായുള്ള അവരുടെ ബന്ധവും ഊഷ്മളമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീര്‍ത്ഥാടനം നടത്തിയത്.
2023-ല്‍ നടത്തിയ നാഷ്ണല്‍ സര്‍വേ ഓണ്‍ ഡെമോഗ്രാഫിക് ഡൈനാമിക്‌സ് (ഋചഅഉകഉ) റിപ്പോര്‍ട്ട് പ്രകാരം മെക്‌സിക്കോയിലെ 8.8 ദശലക്ഷം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യത്തോടെയാണ് ജീവിക്കുന്നത്.
സര്‍വേ പ്രകാരം, കാഴ്ച പരിമിതിയും നടക്കുന്നതിന് പ്രയാസം (40.3%) നേരിടുന്നവരുമാണ് ഭൂരിഭാഗം. ഇത്തരത്തില്‍ വിവിധ പ്രതിസന്ധികളില്‍ കടന്നുപോകുന്ന അനേകര്‍ക്ക് ആത്മീയ സാന്ത്വനം പകരുക എന്ന ലക്ഷ്യം തീര്‍ത്ഥാടനത്തിനുണ്ടായിരിന്നു.
1531-ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ ദൈവ മാതാവിന്റെ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്.
തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തില്‍ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്' എന്ന പേരില്‍ പ്രസിദ്ധമായത്.