പ്രസവിച്ച യുവതിയുടെ വയറില്‍ തുണിക്കഷണം. കേസെടുത്ത് പൊലീസ്
വയനാട്: മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച യുവതിയുടെ ശരീരത്തില്‍ നിന്നും തുണിക്കഷണം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് മാനന്തവാടി പൊലീസ്.
മാനന്തവാടി എസ്‌ഐ എം.സി പവനനാണ് അന്വേഷണ ചുമതല. ചികിത്സാപ്പിഴവ് സംബന്ധിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ശരീരത്തില്‍നിന്നു ലഭിച്ച തുണിയുടെ കഷണം അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തു.
ശരീരഭാഗത്തില്‍നിന്നു രണ്ട് കഷണം തുണിയാണ് ലഭിച്ചത്. ഇതില്‍ ഒന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു.
അസഹനീയമായ വേദനയെ തുടര്‍ന്ന് 21കാരി ആശുപത്രിയിലെത്തിയെങ്കിലും സ്‌കാനിങ്ങിന് തയാറായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതിന് ശേഷം തുണിക്കഷണം ശരീരത്തില്‍ നിന്ന് പുറത്തുവന്നെന്നാണ് പരാതി.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിയാണ് മെഡിക്കല്‍ കോളജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. മന്ത്രി ഒ.ആര്‍ കേളു, ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
പ്രസവ ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് തവണ ആശുപത്രിയില്‍ പോയെങ്കിലും ആശുപത്രി സ്‌കാനിങ്ങിന് തയാറായില്ല. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണി കുടുങ്ങാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു.