എക്വഡോറില്‍ കൊക്കെയ്ന്‍ പാക്കറ്റില്‍ ഹാളണ്ടിന്റെ ചിത്രം. കാരണം അറിയാം

 
haland


ക്വിറ്റോ (എക്വഡോര്‍): ഇത്തവണത്തെ ലോകകപ്പില്‍ ലോകമെമ്പാടുമുള്ള കാണികള്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദത്തെ സമ്പാദിക്കാന്‍ സാധിച്ച താരമാണ് നോര്‍വെയുടെ എര്‍ലിങ് ഹാളണ്ട്. താരത്തിനൊപ്പം തന്നെ ഹാളണ്ട്... ഹാളണ്ട് എന്ന് തുടങ്ങുന്ന പാട്ടും ഹിറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ എക്വഡോറില്‍ ഹാളണ്ട് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാര്യത്തിനാണ്.

ഹാളണ്ടിന്റെ ചിത്രം പതിച്ച വന്‍ കൊക്കെയ്ന്‍ ശേഖരമാണ് എക്വഡോര്‍ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. കൊളംബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുള്‍ക്കാന്‍ നഗരത്തിന് സമീപം ഗ്വാഗ്വാ നെഗ്രോ എന്ന സ്ഥലത്ത് വെച്ചാണ് ട്രക്കില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്രക്കിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാക്കറ്റുകള്‍.

469 കിലോ ഗ്രാം (1,034 പൗണ്ട്) കൊക്കെയ്നാണ് പോലീസ് പിടിച്ചെടുത്തത്. പച്ച നിറത്തിലുള്ള 370 ചതുരശ്ര പാക്കറ്റുകളിലായിട്ടാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഓരോ പാക്കറ്റിലും ഹാളണ്ടിന്റെ ചിത്രമുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മരിയ ആര്‍. എന്ന കൊളംബിയന്‍ തിരിച്ചറിയല്‍ രേഖകളുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് പ്രാദേശിക വിപണിയില്‍ ഏകദേശം 8.42 ലക്ഷം ഡോളറും, അമേരിക്കയില്‍ 1.1 കോടി ഡോളറിലധികവും (ഏകദേശം 92 കോടി രൂപ), യൂറോപ്പില്‍ 1.9 കോടി ഡോളറിലധികവും വിലവരും.


മയക്കുമരുന്ന് കടത്തുകാര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഏത് ക്രിമിനല്‍ സംഘത്തിന്റേതാണെന്നും അത് ആര്‍ക്കുള്ളതാണെന്നും തിരിച്ചറിയാനായി പ്രമുഖ കായിക താരങ്ങളുടെയോ സെലിബ്രിറ്റികളുടെയോ ചിത്രങ്ങള്‍ അടയാളമായി ഉപയോഗിക്കുന്നത് പതിവാണെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.

 നേരത്തെ അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ ചിത്രം പതിച്ച പാക്കറ്റുകളും ഇത്തരത്തില്‍ പിടികൂടിയിട്ടുണ്ട്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെയും സമൂഹമാധ്യമങ്ങളിലെ തരംഗമായും മാറിയ ഹാലന്‍ഡിന്റെ പ്രശസ്തിയാണ് ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.


ലഹരിമരുന്ന് സംഭരിക്കുന്നതിനും അവ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കടത്തുന്നതിനുമുള്ള ഒരു പ്രധാന കേന്ദ്രമായി എക്വഡോര്‍ മാറിയിരിക്കുകയാണ്. എക്വഡോറിലെ പ്രാദേശിക ഗുണ്ടാസംഘങ്ങള്‍ കൊളംബിയന്‍, മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയകളുമായി ചേര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം ഏകദേശം 80 ടണ്‍ ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. 2024-ല്‍ ഇത് റെക്കോര്‍ഡ് അളവായ 295 ടണ്ണിലെത്തിയിരുന്നു.

Tags

Share this story

From Around the Web