ഹൈറേഞ്ചിലെ നിര്‍മ്മാണ നിരോധനത്തിന് ശാശ്വത പരിഹാരം കാണണം: മാര്‍ നെല്ലിക്കുന്നേല്‍
ഇടുക്കി: ഹൈറേഞ്ചിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും നിര്‍മ്മാണ നിരോധനത്തിനും ശാശ്വതമായ പരിഹാരം കാണാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടന്ന ലോക പരിസ്ഥി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഗ്ദാനങ്ങള്‍ പലപ്പോഴും തിരഞ്ഞെടുപ്പുകള്‍ക്കു തൊട്ടുമുമ്പ് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നതായി മാറുകയാണ്. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ സര്‍ക്കാര്‍ നടത്തിയ നിയമ ഭേദഗതി നിയമ നാടകളുടെ കുരുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ഇന്‍ഫാമിനോട് സഹക രിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഘടിതരാകാത്ത കര്‍ഷകര്‍ പൊതുസമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെടുമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ചൂണ്ടിക്കാട്ടി.
താമരശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതയില്‍ നിന്ന് ആയിരത്തോളം അംഗങ്ങള്‍ ഇന്‍ഫാമില്‍ അംഗത്വം സ്വീകരിച്ചു. ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ.ജോസഫ് കാവനാടി അംഗത്വ വിതരണം നടത്തി. രൂപതക്കു വേണ്ടി ഫാ.ജോണ്‍ കലൂര്‍ അംഗത്വ കാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഇന്‍ഫാം ദേശീയ ചെയര്‍മാര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ഫാ. ബോബി മണ്ണംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.