ആണവമുക്ത ലോകം ശാശ്വതസമാധാനത്തിന് അനിവാര്യം: ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധ സിംഹാസനം

 
Un

ലോകത്ത് നീതിയുക്തവും സുരക്ഷിതവുമായ സമാധാനം കൈവരിക്കാനുള്ള ഏകമാർഗം സമ്പൂർണ്ണ നിരായുധീകരണമാണെന്ന് പരിശുദ്ധ സിംഹാസനം. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന 11-ാമത് ആണവവ്യാപന നിരോധന ഉടമ്പടി അവലോകന സമ്മേളനത്തിലാണ് വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്. ഭയത്തിലും ബലപ്രയോഗത്തിന്റെ ഭീഷണിയിലും അധിഷ്ഠിതമായ സുരക്ഷാമാതൃകകൾക്ക് ഒരിക്കലും സമാധാനത്തിന് സ്ഥിരമായ അടിത്തറ നൽകാൻ കഴിയില്ലെന്നും വത്തിക്കാൻ പ്രതിനിധിസംഘം ഓർമ്മിപ്പിച്ചു.

ആണവായുധങ്ങളുടെ പൂർണ്ണമായ ഉന്മൂലനം എന്നത് ഒരു വിദൂര അഭിലാഷമല്ല, മറിച്ച് മൂർത്തമായ നടപടികൾ ആവശ്യപ്പെടുന്ന അടിയന്തര ഉത്തരവാദിത്തമാണെന്ന് സമ്മേളനത്തിൽ സംസാരിച്ച പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യസംഘം ചൂണ്ടിക്കാട്ടി. ആണവായുധങ്ങൾ സൃഷ്ടിക്കുന്ന വിനാശകരമായ മാനുഷിക-പാരിസ്ഥിതിക ആഘാതങ്ങൾ അതിർത്തികളെയും തലമുറകളെയും ബാധിക്കുന്നതാണ്. ഈ സാഹചര്യത്തിൽ, ആണവായുധ നിരോധന ഉടമ്പടിയിൽ ഇതുവരെ ചേരാത്ത എല്ലാ രാജ്യങ്ങളും ഉടനടി അതിന്റെ ഭാഗമാകണമെന്ന് വത്തിക്കാൻ ആഹ്വാനം ചെയ്തു.


ആണവ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും അടിയന്തര പ്രാധാന്യം നൽകണമെന്ന് പെർമനന്റ് മിഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 27 ന് ആരംഭിച്ച് മെയ് 22 വരെ നീണ്ടുനിൽക്കുന്ന അവലോകന സമ്മേളനത്തിൽ, സുരക്ഷാസിദ്ധാന്തങ്ങളിൽ ആണവായുധങ്ങൾക്കുള്ള പ്രാധാന്യം പരിമിതപ്പെടുത്തണമെന്നും മാനവികതയുടെ നന്മയ്ക്കായി നിരായുധീകരണ പാത സ്വീകരിക്കണമെന്നും പരിശുദ്ധ സിംഹാസനം ആവർത്തിച്ച് വ്യക്തമാക്കി.

Tags

Share this story

From Around the Web