കേരളത്തില്‍ വൈദ്യുതി ബില്ലില്‍ പുതിയ സര്‍ചാര്‍ജ് അടിച്ചേല്‍പ്പിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ബില്ലില്‍ പുതിയ സര്‍ചാര്‍ജ് അടിച്ചേല്‍പ്പിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം.
നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് നടത്തുന്ന സ്വാഭാവികമായ ക്രമീകരണം മാത്രമാണിത്, ഇത് പുതുതായി അടിച്ചേല്‍പ്പിച്ചതല്ല.
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ 2023 മേയിലെ പരിഷ്‌കരിച്ച ചട്ടങ്ങള്‍ പ്രകാരം, ഇന്ധനവിലയിലെ മാറ്റങ്ങള്‍ യൂണിറ്റിന് പരമാവധി 10 പൈസ വരെ സര്‍ചാര്‍ജായി ഈടാക്കാന്‍ വിതരണ ലൈസന്‍സികള്‍ക്ക് അനുമതിയുണ്ട്.
2025 നവംബറില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അധികമായി ചെലവായ 18.45 കോടി രൂപ മാത്രമാണ് 2026 ജനുവരിയിലെ ബില്ലില്‍ ക്രമീകരിക്കുന്നത്.
ഇതനുസരിച്ച് പ്രതിമാസ ബില്ലിംഗുകാര്‍ക്ക് യൂണിറ്റിന് 8 പൈസയും, ദ്വൈമാസ ബില്ലിംഗുകാര്‍ക്ക് 7 പൈസയുമാണ് സര്‍ചാര്‍ജ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
1000 വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗവുമുള്ള ഏകദേശം 11 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളെ ഈ സര്‍ചാര്‍ജില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
100 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു സാധാരണ ഉപഭോക്താവിന് ഈ മാസത്തെ ബില്ലില്‍ കേവലം 2 രൂപ മാത്രമാണ് അധികമായി വരുന്നത്. സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ 10 പൈസയായിരുന്ന സര്‍ചാര്‍ജ് നിലവില്‍ കുറയുകയാണ് ചെയ്തിട്ടുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
ഉപഭോക്താക്കള്‍ വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും വസ്തുതകള്‍ക്കായി ഔദ്യോഗിക പോര്‍ട്ടലുകള്‍ മാത്രം ശ്രദ്ധിക്കണം.