കയ്യിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ പുതിയ തന്ത്രം; യുവാവിനെ തട്ടിക്കൊണ്ടുപോയി വായ്പയെടുപ്പിച്ച് കവർച്ച! നാലുപേർ പിടിയിൽ

 
cash

ഇരയുടെ കൈവശം പണമില്ലെങ്കിൽ എന്തുചെയ്യും? ചെന്നൈയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കവർച്ചാസംഘം പണം തട്ടാൻ കണ്ടെത്തിയ മാർഗം മൊബൈൽ ലോൺ ആപ്പ്. യുവാവിനെ മർദിച്ച് വായ്പയെടുപ്പിച്ചശേഷം എടിഎമ്മിൽനിന്ന് പണം പിൻവലിപ്പിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പള്ളിക്കരണൈയിലാണ് സംഭവം.

അജയ് എന്ന 21കാരനാണ് തട്ടിപ്പിനിരയായത്. നാലംഗസംഘം അജയിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു. എന്നാൽ കൈവശം പണമില്ലെന്ന് അറിയിച്ചതോടെ സംഘം ഇയാളുടെ മൊബൈൽ ഫോണിലെ ലോൺ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിപ്പിച്ചു. 9,500 രൂപ വായ്പ ലഭിച്ചതോടെ അടുത്തുള്ള എടിഎമ്മിൽനിന്ന് തുക പിൻവലിപ്പിച്ചു. പണവുമായി കടന്ന സംഘം അജയിന്റെ ഫോണും കൊണ്ടുപോയി.

സംഭവവുമായി ബന്ധപ്പെട്ട് സായി അബുതാകിർ എന്ന അബു (18), പ്രകാശ് രാജ് (22), പൂബാലൻ (23), സഞ്ജയ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ചയ്ക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കൈവശം പണമില്ലാത്ത യുവാവിനെപ്പോലും വായ്പയെടുപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ മൊബൈൽ ലോൺ ആപ്പുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ശ്രദ്ധേയമാണ്. തട്ടിക്കൊണ്ടുപോകലും മർദനവും ഉൾപ്പെട്ട കേസിൽ പ്രതികളെ പിടികൂടിയതോടെ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്

Tags

Share this story

From Around the Web