കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി; കുഞ്ഞിന് ഏഴ് ദിവസം മാത്രം പ്രായം, ലോക കാഴ്ച ദിനത്തില്‍ എത്തിയ പെണ്‍കുഞ്ഞിന് നേത്ര എന്ന് പേരിട്ടു
 

 
Baby


 

 
തിരുവനന്തപുരം: ഉപേക്ഷിക്കപ്പെടലിന്റെ ഇരുട്ടില്‍ നിന്ന് കരുതലിന്റെ വെളിച്ചത്തിലേക്ക് ഒരു കുരുന്നു കൂടി. കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്ന അമ്മത്തൊട്ടിലുകളില്‍ 1003-ാമത്തെ കുഞ്ഞ് ആയി കോഴിക്കോട് ഒരു പെണ്‍കുഞ്ഞ് എത്തിച്ചേര്‍ന്നു.

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുള്ള അമ്മത്തൊട്ടില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇവിടെ എത്തുന്ന 12-ാമത്തെ കുഞ്ഞാണിത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയാണ് വെറും ഏഴ് ദിവസം മാത്രം പ്രായവും 2.89 കിലോഗ്രാം തൂക്കവുമുള്ള പെണ്‍കുരുന്നിനെ അമ്മത്തൊട്ടിലില്‍ കണ്ടെത്തിയത്.


ഒക്ടോബര്‍ 8 ലോക നേത്രദിനത്തില്‍ അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞിന്, കാഴ്ചയുടെ വെളിച്ചം എന്നും ഓര്‍മ്മിക്കാന്‍ 'നേത്ര' എന്ന് പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍ അരുണ്‍ഗോപി അറിയിച്ചു.


കുഞ്ഞ് തൊട്ടിലിലെത്തിയ ഉടന്‍ തൊട്ടിലിനോട് ചേര്‍ന്നുള്ള ബീച്ച് ആശുപത്രി നഴ്‌സിങ് സ്റ്റേഷനില്‍ അലാറം മുഴങ്ങിയപ്പോള്‍ നിമിഷങ്ങള്‍ക്കകം നഴ്‌സുമാര്‍ ഓടിയെത്തി കുഞ്ഞിനെ ഏറ്റെടുത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാരുടെ പ്രാഥമിക പരിശോധനയില്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യവതി ആണെന്ന് അറിയിച്ചു.

നേത്രയുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 98474 64 613.

Tags

Share this story

From Around the Web