ഫിലിപ്പീന്‍സില്‍ പുതിയ രൂപത സ്ഥാപിതമായി.പ്രഥമ മെത്രാനായി മോയ്സസ് എം. ക്യൂയ്വാസിന്റെ സ്ഥാനാരോഹണവും നടന്നു

 
erty



മനില: ഫിലിപ്പീന്‍സിലെ കലപ്പാന്‍ അപ്പസ്‌തോലിക വികാരിയാത്തിനെ പൂര്‍ണ്ണ രൂപതയായി ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ മെത്രാനായി മോയ്സസ് എം. ക്യൂയ്വാസിന്റെ സ്ഥാനാരോഹണവും നടന്നു. 


ഫിലിപ്പീന്‍സിലെ ഓറിയന്റല്‍ മിന്‍ഡോറോയില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് പുതിയ രൂപത സ്ഥാപിതമായിരിക്കുന്നത്. 

ഭൂപ്രകൃതിപരമായ വെല്ലുവിളികളെ അതിജീവിച്ച് ദ്വീപ് സമൂഹങ്ങളില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ പാകിയ മിഷ്ണറിമാരുടെ തീക്ഷ്ണതയുടെ പ്രതിഫലനമാണ് പുതിയ രൂപതയുടെ സ്ഥാപനം.


1936-ല്‍ സൊസൈറ്റി ഓഫ് ഡിവൈന്‍ വേര്‍ഡ് മിഷ്ണറിമാരുടെ കീഴില്‍ ആരംഭിച്ച സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് പുതിയ രൂപതയുടെ രൂപീകരണം. 

പുതിയ ചരിത്ര നിയോഗമായി, കലപ്പാന്‍ അപ്പസ്‌തോലിക വികാരിയാത്തിനെ പൂര്‍ണ്ണരൂപതയായി ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ മെത്രാന്റെ സ്ഥാനാരോഹണവും ഇക്കഴിഞ്ഞ ദിവസം നടന്നു. 

ഇതോടെ മിഷ്ണറിമാരുടെ കീഴിലായിരുന്ന വിശ്വാസസമൂഹം സ്വയംഭരണാധികാരമുള്ള പ്രാദേശിക സഭയായി മാറി. 
കലപ്പാന്‍ സിറ്റിയിലെ സെന്റ് ബെനഡിക്ട് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫിലിപ്പീന്‍സിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ജോണ്‍ ബ്രൗണ്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.


കനത്ത മഴയ്ക്കും ചടങ്ങിനിടെ അനുഭവപ്പെട്ട 5.8 തീവ്രതയുള്ള ഭൂചലനത്തിനും ഇടയിലും നൂറുകണക്കിന് വിശ്വാസികള്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഒത്തുചേര്‍ന്നു.


 രൂപത പദവി എന്നത് വെറുമൊരു ഭരണപരമായ മാറ്റമല്ലെന്നും, മറിച്ച് സുവിശേഷം കൂടുതല്‍ ആഴത്തില്‍ പ്രചരിപ്പിക്കാനും ദരിദ്രരെയും തദ്ദേശീയരായ ജനവിഭാഗത്തെയും സേവിക്കാനുമുള്ള വിളിയാണെന്നും ബിഷപ്പ് ക്യൂയ്വാസ് തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. 


പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക നീതിക്കും സഭ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലപ്പാന്‍ രൂപതയുടെ സ്ഥാപനത്തോടെ ഫിലിപ്പീന്‍സിലെ കത്തോലിക്ക സഭയില്‍ രൂപതകളുടെ എണ്ണം 60 ആയി ഉയര്‍ന്നു. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പീന്‍സ്.

Tags

Share this story

From Around the Web