സമാധാനത്തിന്റെയും സൗഖ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഒരു നവസംസ്കാരം പുനരുജ്ജീവിപ്പിക്കണം: മോൺസിഞ്ഞോർ എഡ്വേർഡ്
സമാധാനസ്ഥാപനത്തിനും ഐക്യത്തിനും ആഹ്വാനവുമായി ദക്ഷിണ സുഡാനിലെ ടോംബുറ യാംബിയോ കൗണ്ടിയുടെ ബിഷപ്പായ എഡ്വേർഡ് ഹീബോറോ കുസ്സാല. ദക്ഷിണ സുഡാന്റെ സ്വാതന്ത്ര്യചരിത്രത്തെ ആദരിക്കാനും ഓർമ്മിക്കാനും രാജ്യമെമ്പാടുമുള്ള സമൂഹങ്ങൾ ഒത്തുകൂടുന്ന ചടങ്ങിൽ സംസാരിക്കവെയാണ് വെസ്റ്റേൺ ഇക്വറ്റോറിയയിലെ ഭരണാധികാരികളെയും, മതനേതാക്കളെയും, ജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
യഥാർത്ഥ സമാധാനം സംവാദങ്ങളിലൂടെയാണ് ഉണ്ടാകുന്നതെന്നും അതിനായി, പരസ്പര ബഹുമാനവും, ഐക്യവും വളർത്തണമെന്നും, നേതാക്കൾ സമൂഹങ്ങളോട് സത്യസന്ധമായി സംസാരിക്കണമെന്നും മെത്രാൻ ആവശ്യപ്പെട്ടു. ഭരണനേതാക്കൾ, സഭാതനയർ, യുവാക്കൾ, സ്ത്രീകൾ, കുടുംബങ്ങൾ തുടങ്ങിയ എല്ലാവരും “സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും പാലങ്ങൾ” ആകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദക്ഷിണ സുഡാനിലെ വെസ്റ്റേൺ ഇക്വട്ടോറിയ സംസ്ഥാനത്തെ, ‘ദക്ഷിണ സുഡാന്റെ അന്നപ്പുര’, ‘സമാധാനപരമായ സഹവർത്തിത്വത്തിന്റെ നാട്’, ‘അതിഥിസൽക്കാരത്തിന്റെ തോട്ടം’, ‘സംവാദത്തിന്റെ ജന്മഭൂമി’, ‘കഠിനാധ്വാനത്തിന്റെ നാട്’, ‘മനുഷ്യ മഹത്വത്തിന്റെ വിശുദ്ധ സ്ഥലം’ എന്നിങ്ങനെയെല്ലാം ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നുവെന്ന് ഓർമ്മപ്പെടുത്തിയ മോൺസിഞ്ഞോർ കുസ്സാല, എന്നാൽ വർഷങ്ങളായുള്ള അതിക്രമങ്ങൾ, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അവിശ്വാസം, കുടിയൊഴിപ്പിക്കൽ എന്നിവ നാടിൻറെ സാമൂഹികഘടനയെ മുറിവേൽപ്പിച്ചുവെന്ന് വ്യസനത്തോടെ പ്രസ്താവിച്ചു.
“ജീവൻ ദൈവത്തിന്റെ ദാനമാണ്” എന്നതിനാൽ മനുഷ്യജീവിതത്തിന്റെ വിശുദ്ധി സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാധ്യമങ്ങളുടെ അനുചിതമായ ഉപയോഗം ഇന്നത്തെ ലോകത്തിൽ എത്രത്തോളം ദോഷകരമാകാമെന്നും തന്റെ സന്ദേശത്തിൽ, മോൺസിഞ്ഞോർ കുസ്സാല ചൂണ്ടിക്കാട്ടി. അശ്രദ്ധമായ ഒരു സന്ദേശം പോലും തലമുറകളായി നിലനിന്ന ബന്ധങ്ങളെ തകർക്കുമെന്നും, വാക്കുകൾക്ക് നിർമ്മിക്കാനും തകർക്കാനും, ഐക്യമുണ്ടാക്കാനും വിഭജിക്കാനുമുള്ള ശക്തിയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മനുഷ്യസമൂഹത്തിന്റെ രൂപീകരണത്തിനും വളർച്ചയ്ക്കും, ഐക്യം വളർത്തുന്നതും, പരസ്പരബഹുമാനം കാത്തുസൂക്ഷിക്കുന്നതും, വിവേകപൂർണ്ണമായതും, വളർത്തുന്നതും, ഉത്തരവാദിത്തപൂർവ്വവുമായ ഭാഷ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സാഹചര്യത്തിൽ, സമാധാനത്തിന്റെ രാജാവായ യേശുവിനെ ആശ്രയിച്ച് പ്രാർത്ഥനയിലേക്ക് മടങ്ങിവരാനും അദ്ദേഹം ഏവരെയും ക്ഷണിച്ചു.
നേതൃത്വം സേവനമാണെന്ന് രാഷ്ട്രീയ നേതാക്കളോടും, വിദ്യാഭ്യാസം, കൃഷി, നവോത്ഥാനം, സംരംഭകത്വം, സമാധാനനിർമ്മാണം എന്നിവയിലൂടെ ഭാവി നിർമ്മിക്കാൻ തങ്ങളുടെ ഊർജവും ബുദ്ധിയും ഉപയോഗിക്കണമെന്ന് യുവാക്കളോടും, ജീവന്റെയും, സൗഖ്യത്തിന്റെയും, പുനരൈക്യത്തിന്റെയും കാവൽക്കാരികളാകാൻ സ്ത്രീകളോടും, ഭയമെന്യേ, സത്യം, നീതി, സമാധാനം, ഐക്യം എന്നിവ സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കാൻ സഭാനേതാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു.