കംബോഡിയയിൽ രക്തസാക്ഷികളുടെ നിണം പതിഞ്ഞ മണ്ണിൽ പുതിയ ഒരു ദേവാലയം
നിരവധി ക്രൈസ്തവർ വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിച്ച കംബോഡിയയുടെ മണ്ണിൽ, വിശ്വാസികൾക്ക് വേണ്ടി പുതിയ ഒരു ദേവാലയം കൂടി കൂദാശ ചെയ്യപ്പെട്ടു. ഫ്നോം പെൻ അപ്പസ്തോലിക് വികാരിയേറ്റിനു കീഴിലാണ് ഈ പുതിയ ദേവാലയം. അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ ഒലിവിയർ ഷ്മിത്തേയസ്ലർ കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈദികരും, വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.
ഫ്നോം പെൻ നഗരത്തിൽ കർത്താവിനെ ആരാധിക്കുവാനും, സ്തുതിക്കാനും, നന്ദി പറയാനും ഒരു മനോഹരമായ പള്ളി നിർമ്മിക്കാൻ കഴിഞ്ഞ കംബോഡിയയിലെ വിശ്വാസികളുടെ സന്തോഷമാണ്, ഈ ദേവാലയത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുമ്പോൾ അനുഭവിക്കുവാൻ സാധിക്കുന്നതെന്നു അപ്പസ്തോലിക വികാരി എടുത്തുപറഞ്ഞു. അഞ്ച് വർഷങ്ങൾ കൊണ്ടാണ് ഈ ദേവാലയത്തിന്റെ നിർമ്മിതി പൂർത്തിയാക്കിയത്. കംബോഡിയൻ രക്തസാക്ഷികളിൽ നിന്ന് ഒരുപിടി മണ്ണ് വികാരി ബലിപീഠത്തിന്റെ ചുവട്ടിൽ സമർപ്പിച്ചു.
ഈ ദേവാലയം ആരാധനയ്ക്കായി തുറക്കപ്പെടുമ്പോൾ, വിശ്വാസികൾ ജീവനുള്ള കല്ലുകളായി മാറണമെന്നുള്ള ആഹ്വാനവും മോൺസിഞ്ഞോർ നൽകി. 1970-ൽ ഏകദേശം 600 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട പുരാതന ഫ്നാമ് പെന്നിലെ കാർമലിൽ നിന്ന് വളരെ അകലെയല്ലാതെ, മെകോങ്ങിന്റെ തീരത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. അതിനാൽ രക്തസാക്ഷികളുടെ ചുടുനിണത്താൽ, ജീവന്റെ നദി ഇവിടെ ഒഴുകുന്നുവെന്നും, എസെക്കിയേൽ പ്രവാചകന്റെ വാക്കുകളിൽ പാപ്പാ എടുത്തുപറഞ്ഞു. പ്രദേശത്തെ കുടുംബങ്ങൾക്കും, പ്രത്യേകിച്ച് യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ, മോൺസിഞ്ഞോർ വിശ്വാസികളെ ക്ഷണിച്ചു.
കംബോഡിയയിൽ സലേഷ്യൻ വൈദികർ വിപുലമായ പ്രേഷിതപ്രവർത്തനം നടത്തിവരുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ, 1988 നും 1991 നും ഇടയിൽ തായ്‌ലൻഡിലെ കംബോഡിയൻ അഭയാർത്ഥികൾക്കിടയിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ച സലേഷ്യൻ സമൂഹം, പ്രായപൂർത്തിയാകാത്തവർക്ക് സാങ്കേതിക വിദ്യാഭ്യാസവും പിന്തുണ പരിപാടികളും നൽകിവരുന്നു.