തമ്പാനൂര്‍ റെയിവേ സ്റ്റേഷനില്‍ ഉടമയെ കാത്തിരിക്കുകയാണ് ലക്ഷങ്ങള്‍ വില വരുന്ന താലി മാല
തിരുവനന്തപുരം: സ്വര്‍ണവില ദിനംപ്രതി റെക്കോഡുകള്‍ ഭേദിച്ച് കുതിച്ചുയരുമ്പോള്‍, മൂന്നരലക്ഷത്തോളം വില വരുന്ന ഒരു താലി മാല ഉടമയെയും കാത്ത് തമ്പാനൂര്‍ റെയില്‍വേ പൊലീസിന്റെ കൈയിലുണ്ട്.
2025 സെപ്തംബര്‍ 13-നാണ് ഒരു യാത്രക്കാരിക്ക് റെയില്‍വേ സ്റ്റേഷന്‍ ശുചിമുറിയില്‍ നിന്നും താലിമാല കിട്ടുന്നത്. അവര്‍ അപ്പോള്‍ തന്നെ മാല പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്ദ്യോഗസ്ഥനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇത്രയും വില മതിക്കുന്ന ആഭരണം തേടി ഉടമസ്ഥന്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതുവര്‍ഷം എത്തിയിട്ടും ആരും വന്നില്ല. ഉടമയെക്കണ്ടെത്താനായി ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും സന്ദേശം അയച്ചെങ്കിലും ഫലമുണ്ടായില്ല.
തെക്കന്‍ ജില്ലകളില്‍ വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന രീതിയിലുള്ള താലി മാലയാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഉടമസ്ഥന്‍ ഇത് വരെയും എത്താത്ത സ്ഥിതിക്ക് മറ്റ് വിവരങ്ങള്‍ പുറത്ത് വിടാനും പൊലീസിന് കഴിയില്ല.
മാല നഷ്ടപ്പെട്ടതായുളള പരാതികളും ഇതുവരെ ലഭിക്കാത്തതുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഉടമയെയും കാത്തുള്ള ഇരിപ്പിലാണ് ആഭരണവും പൊലീസും.
ഉടമയെത്തി കൃത്യമായി വിവരങ്ങള്‍ നല്‍കിയാല്‍ ആഭരണം തിരികെ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 949781113, 8281621941 എന്നീ നമ്പറുകളില്‍ തമ്പാനൂര്‍ റെയില്‍വേ പൊലീസില്‍ ബന്ധപ്പെടാവുന്നതാണ്.