ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് ഒരു മലയാളി വൈദികന്‍

ന്യൂഡല്‍ഹി: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി വത്തിക്കാന്റെ ജോസഫ് റാറ്റ്സിംഗര്‍ ബനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്‍ (ഫോണ്ടാസിയോണ്‍ വത്തിക്കാന ജോസഫ് റാറ്റ്സിംഗര്‍ബെനഡെറ്റോ 16) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലേക്ക് മലയാളി വൈദികന്‍ റവ. ഡോ. തോമസ് വടക്കേല്‍ നിയമിതനായി.
2027 ഏപ്രില്‍ 16 ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ അന്താരാഷ്ട്ര കമ്മിറ്റിയാണ്. ഇതില്‍ അക്കാദമിക് സമ്മേളനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പദ്ധതികള്‍, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ചിന്തകളെയും ദൈവശാസ്ത്ര സംഭാവനകളെയും ഉയര്‍ത്തിക്കാട്ടുന്ന മറ്റ് അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്റെ ഓഫീസ് സെക്രട്ടറിയാണ് റവ. ഡോ. തോമസ് വടക്കേല്‍. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ (കെസിബിസി) ഡോക്ട്രിനല്‍ കമ്മീഷന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. കൂടാതെ കോട്ടയം, വടവാതൂര്‍ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ പ്രഫസറാണ്.
പാലാ രൂപതയിലെ മല്ലികശേരി ഇടവകാംഗമാണ്. ബല്‍ജിയത്തിലെ ലൂവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റു നേടിയിട്ടുണ്ട്.