എസ്.ബി.ഐ യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ മെസേജ് വരും. പ്രതികരിച്ചാൽ പണം പോകുമെന്നത് ഉറപ്പ്, തട്ടിപ്പില്‍ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ്

കൊച്ചി: യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന മെസേജുകളില്‍ പ്രതികരിക്കരുതെന്ന മുന്നറിയിപ്പുമായി പോലീസ്.
നിങ്ങളുടെ യോനോ ആപ്പ് ഉടന്‍തന്നെ പ്രവര്‍ത്തനരഹിതമാകുമെന്നും അപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ നമ്പറില്‍ നിന്ന് സന്ദേശത്തിന് മറുപടി നല്കി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കെവൈസി അപ്ഡേഷന്, യോനോ അപ്ഡേഷന്, റിവാര്‍ഡ് റെഡീം എന്നീ തരത്തിലുള്ള ലിങ്കുകളും തട്ടിപ്പുക്കാര്‍ അയക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യാജ ലിങ്കുകളും തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നു.
തുടര്‍ന്ന് ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുകയും വാട്സ്ആപ്പിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്കി YONO_SBI.APK എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെടും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടുകൂടി ശരിയയായ എസ്ബിഐ യോനോ ആപ്ലിക്കേഷന്‍ സമാനമായ വെബ്പേജ് പ്രത്യക്ഷപ്പെടുകയും യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ നല്‍കാനുള്ള കോളങ്ങള്‍ ദൃശ്യമാവുകയും ചെയ്യും.
എസ്ബിയെയുടെ യോനോ അപ്ലിക്കേഷന്‍ ആണെന്ന ധാരണയില്‍ തന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ ഇതില്‍ നല്കുന്നതോടുകൂടി തട്ടിപ്പിന് തുടക്കമാകും. ഇതേസമയംതന്നെ നല്കുന്ന ബാങ്ക് ലോഗിന്‍ വിവരങ്ങള്‍ തട്ടിപ്പുക്കാര്‍ക്ക് ലഭിക്കുകയും അത് ഉപയോഗിച്ച് തട്ടിപ്പുകാര്‍ ബാങ്കിന്റെ യഥാര്‍ഥ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുകയും ചെയ്യും.
തുടര്‍ന്നു ഒടിപി നമ്പര്‍ ലഭിക്കുന്നതിനായി കൃത്രിമമായി നിര്‍മിച്ച സൈറ്റില്‍ ഒടിപി നല്‍കാനായി പുതിയ പേജ് പ്രത്യക്ഷപ്പെടും. ഒടിപി നല്‍കുന്നതോടെ തട്ടിപ്പുകാര്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്തുന്നതിനുള്ള പൂര്‍ണ അനുമതി ലഭിക്കുകയും അക്കൗണ്ടിലെ തുക പൂര്‍ണമായും പിന്‍വലിക്കപ്പെടുകയും ചെയ്യുന്നു.
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യനമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.