നൈജീരിയയിലെ വുകാരി സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ വന്‍ തീപിടുത്തം. കത്തീഡ്രലിന്റെ വലിയൊരു ഭാഗം അഗ്‌നിക്കിരയായി. അന്വേഷണം ആരംഭിച്ചു
നൈജീരിയ: നൈജീരിയയിലെ തരാബ സംസ്ഥാനത്തുള്ള വുകാരി സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ വന്‍ തീപിടുത്തം.
അര്‍ദ്ധരാത്രിയോടെ ഉണ്ടായ തീപിടുത്തം വിശ്വാസികളെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
കത്തീഡ്രലിന്റെ വലിയൊരു ഭാഗം അഗ്‌നിക്കിരയായി. തീ പടര്‍ന്നുപിടിക്കുന്നതിനിടെ ജീവന്‍ പണയപ്പെടുത്തിയും ഫാ. ജെയിംസ് ഒലിവര്‍ നടത്തിയ ഇടപെടല്‍ വലിയ ചര്‍ച്ചയാവുകയാണ്.
പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ കുര്‍ബാന കേടുപാടുകള്‍ കൂടാതെ അദ്ദേഹം പുറത്തെത്തിച്ചു.
പള്ളിക്കുള്ളിലെ മറ്റ് സാധനങ്ങള്‍ കത്തിയമര്‍ന്നപ്പോഴും വിശുദ്ധ കുര്‍ബാന സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിച്ചത് വിശ്വാസികള്‍ക്ക് വലിയ ആശ്വാസമായി.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ പ്രദേശത്തെ തദ്ദേശ ഭരണകൂടത്തിന്റെ സെക്രട്ടേറിയറ്റും തീപിടുത്തത്തില്‍ നശിച്ചിരുന്നു.
തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
സംഭവം നടന്ന വുകാരി നിലവിലെ സംസ്ഥാന ഗവര്‍ണര്‍ ഡോ. അഗ്ബു കെഫാസിന്റെ ജന്മനാടുകൂടിയാണ്. എന്നിട്ടും പ്രദേശത്ത് കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു ഫയര്‍ സര്‍വീസ് യൂണിറ്റ് പോലും ഇല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അഗ്‌നിശമന സേനയുടെ അഭാവമാണ് നാശനഷ്ടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് സഭ അംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി വുകാരി രൂപതയ്ക്ക് കീഴിലുള്ള പല ഇടവകകളും വൈദിക മന്ദിരങ്ങളും സമാനമായ രീതിയില്‍ ആക്രമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഈ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനിടെയുണ്ടായ പുതിയ ദുരന്തം ക്രൈസ്തവ സമൂഹത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.