ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ വീഴുന്ന മലയാളി. മുന്നറിയിപ്പ് പലതുണ്ടായിട്ടും തട്ടിപ്പില്‍ വീഴുന്നവര്‍ ഏറെ. മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 1700 കോടിയുടെ സാമ്പത്തിക തട്ടിപ്പ്

 
online fraud

കോട്ടയം: മുന്നറിയിപ്പു പലതുണ്ടായിട്ടും ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ വീഴുന്ന മലയാളികള്‍ ഏറെ. അമിത ലാഭമാണ് ഇത്തരക്കാരെ ആകര്‍ഷിക്കുന്നത്.

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുസംഘങ്ങളുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി മൂന്നുവര്‍ഷത്തിനിടെ മലയാളികള്‍ക്കു നഷ്ടമായത് 1700 കോടിയിലേറെ രൂപയാണ്.  20,000-ത്തോളം പരാതികളാണു രജിസ്റ്റര്‍ ചെയ്തത്.

സെലിബ്രിറ്റി വ്യാജ വീഡിയോകളാണു തട്ടിപ്പുകാരുടെ പ്രധാന ആയുധം. ബിസിനസുകാരുടെയോ സിനിമാതാരങ്ങളുടെയോ ദൃശ്യങ്ങള്‍ എ.ഐ. ഉപയോഗിച്ചു മാറ്റിമറിച്ച് ഈ പ്ലാറ്റ്ഫോമിലൂടെ പണമുണ്ടാക്കി എന്ന് വിശ്വസിപ്പിക്കുന്നു.

യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ചെറിയ കമ്മിഷന്‍ നല്‍കി സംഘം വാടകയ്‌ക്കെടുക്കുന്നു. ലക്ഷക്കണക്കിനുരൂപ ഇതിലൂടെ ട്രന്‍സ്ഫര്‍ചെയ്ത് നിയമക്കുരുക്കില്‍നിന്നു രക്ഷപ്പെടുകയാണു രീതി.

വ്യാജ ആപ്പുകള്‍ വിരിച്ചാണു കെണിയൊരുക്കുന്നത്. പ്ലേസ്റ്റോറില്‍ ഇല്ലാത്തതോ പ്രമുഖ ട്രേഡിങ് ആപ്പുകളോട് സാമ്യമുള്ളതോ ആയ എ.പി.കെ. ഫയലുകള്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്ന ആപ്പിലൂടെ നിക്ഷേപകരെ കബളിപ്പിക്കുന്നു.

വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചേര്‍ത്ത് 'സ്റ്റോക്ക് ടിപ്സ്' നല്‍കും. ഗ്രൂപ്പിലെ ഭൂരിഭാഗം പേരും തട്ടിപ്പുസംഘത്തിന്റെതന്നെ ആളുകളായിരിക്കും. അവര്‍ക്ക് ലാഭം കിട്ടി എന്ന സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ട് സാധാരണക്കാര്‍ വീണുപോകുന്നു.

ആദ്യം ചെറിയ തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. അതിനു കൃത്യമായ ലാഭം നല്‍കി വിശ്വാസം നേടിയെടുക്കും. ലാഭത്തില്‍ ആകൃഷ്ടരായി വലിയ തുക നിക്ഷേപിക്കുന്നവര്‍ക്കു പിന്നെ പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയിലാകും.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന പ്രമുഖ വ്യക്തികളുടെ പേരും ചിത്രവും ഉപയോഗിച്ചുള്ള നിക്ഷേപ പരസ്യങ്ങളും വിഡിയോകളും വ്യാജമായിരിക്കാം.

ഓണ്‍ലൈന്‍ ട്രേഡിങ്, ഷെയര്‍ മാര്‍ക്കറ്റ്, ക്രിപ്‌റ്റോ കറന്‍സി തുടങ്ങിയവയിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ലാഭം വാഗ്ദാനം ചെയ്യുന്നവരോട് ജാഗ്രത പാലിക്കണമെന്നു പോലീസ് മുന്നറിയിപ്പു നല്‍കുന്നു. 

പരിചയമില്ലാത്ത വ്യക്തികള്‍ നല്‍കുന്ന ലിങ്കുകളില്‍ പ്രവേശിക്കുകയോ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയും  www.cybercrime.gov.in  നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി പരാതി നല്‍കുകയും ചെയ്യണം.

Tags

Share this story

From Around the Web