ചരിത്രം കുറിച്ച് മലയാളി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി ഡോ. അനിൽ മേനോൻ

 
ANIL MENON

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ ചരിത്രനേട്ടം കുറിച്ചു. എട്ട് മാസം നീണ്ടുനിൽക്കുന്ന സുപ്രധാന ദൗത്യത്തിനായാണ് അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത്.

കസാകിസ്താനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച പേടകം ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചു. തുടർന്ന് പുലർച്ചെ 1.25-ഓടെ അനിൽ മേനോനും സംഘവും നിലയത്തിനുള്ളിൽ പ്രവേശിച്ചു. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ് (മിഷൻ കമാൻഡർ), അന്ന കികിന എന്നിവരാണ് അനിലിനൊപ്പമുള്ള ദൗത്യസംഘത്തിലുള്ളത്. അടുത്ത വർഷം ഏപ്രിലിലാണ് ഈ സംഘത്തിന്റെ മടക്കം.

ബഹിരാകാശ നിലയത്തിൽ ശാസ്ത്ര-സാങ്കേതിക രംഗത്തെ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങൾക്കാണ് സംഘം നേതൃത്വം നൽകുക. ഭാവിയിൽ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ. മൈക്രോ ഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിലെ രക്തയോട്ടം, സിരകളുടെ പ്രവർത്തനം, രക്തത്തിന്റെ ഘടന എന്നിവയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം.

കൃത്രിമബുദ്ധി (AI), ഓഗ്‌മെന്റഡ് റിയാലിറ്റി (AR) എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ, ബഹിരാകാശ നിലയത്തിലെ ജലശുദ്ധീകരണം ഉപയോഗിച്ചുള്ള മരുന്ന് പരീക്ഷണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മലയാളിക്ക് അഭിമാനമായ ഈ ബഹിരാകാശ ദൗത്യം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

Tags

Share this story

From Around the Web