തിരുവള്ളൂർ റെയിൽവേ സ്റ്റേഷനിൽ ചരക്ക് ട്രെയിനിൽ വലിയ തീപിടിത്തം. മണാലിയിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ഡീസൽ നിറച്ച ഗുഡ്സ് ട്രെയിനിന് തീപിടിച്ചു

തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കാന്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നു
തിരുവള്ളൂര്‍: തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപകടം. ഡീസല്‍ നിറച്ചിരുന്ന ചരക്ക് ട്രെയിനില്‍ തീപിടിച്ചു. തീ പെട്ടെന്ന് നിരവധി ബോഗികളിലേക്ക് പടര്‍ന്നു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തീയുടെ രൂക്ഷതയും ഉയര്‍ന്ന പുകമേഘവും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
സംഭവത്തില്‍ ആരുടെയും ജീവനും വലിയ സ്വത്തിനും നഷ്ടമില്ലെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജീവനക്കാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അഗ്നിശമന സേനയും മറ്റ് രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. ഡീസല്‍ കത്തിയതുകൊണ്ട് തീ അണയ്ക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു.
ഡീസല്‍ നിറച്ച ബോഗികളിലായിരുന്നു തീപിടിത്തം ആരംഭിച്ചത്. തീ നാലു ബോഗികളിലേക്കാണ് പടര്‍ന്നത്. തീപിടിത്തത്തെത്തുടര്‍ന്ന് ചെന്നൈയിലേക്ക് പോകുന്നും വരുന്നതുമായ 8 ട്രെയിനുകള്‍ റദ്ദാക്കി. 5 ട്രെയിനുകള്‍ക്ക് വഴി മാറ്റി.സമീപത്തുണ്ടായിരുന്ന ആളുകളോട് സ്റ്റേഷന്‍ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കി.
അഗ്നിശമന സേനാ മേധാവി സീമ അഗര്‍വാള്‍ പറഞ്ഞു: 'വിവരം ലഭിച്ചയുടന്‍ ഞങ്ങളുടെ സംഘം സ്ഥലത്തെത്തി. ഡീസല്‍ കത്തിയതുകൊണ്ട് തീ അണയ്ക്കുന്നത് വലിയ വെല്ലുവിളിയായി. കൂടുതല്‍ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.'
തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കാന്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നു.