ജന്മദിന സമ്മാനമായി കൂട്ടുകാരന്‍ നല്‍കിയത് ലോട്ടറി ടിക്കറ്റ്; ക്ലെയിം ചെയ്യാന്‍ ചെന്നപ്പോള്‍ കാത്തിരുന്നത് ഒമ്പത് കോടിയുടെ വമ്പന്‍ സര്‍പ്രൈസ്
 

 
florida

 
    
കൂട്ടുകാരന്‍ നല്‍കിയ ഒരു ജന്മദിന സമ്മാനം നിങ്ങളെ ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കിയാല്‍ എങ്ങനെയിരിക്കും? അമേരിക്കയിലെ ഇല്ലിനോയിസില്‍ നിന്നുള്ള ഒരു വ്യക്തിക്കാണ് ഇത്തരത്തില്‍ അവിശ്വസനീയമായ ഭാഗ്യം തേടിയെത്തിയത്. സുഹൃത്ത് നല്‍കിയ ഒരു ലോട്ടറി ടിക്കറ്റിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത് ഒരു മില്യണ്‍ ഡോളറാണ് (ഏകദേശം 9 കോടി രൂപ!).

ഇല്ലിനോയിസിലെ ബ്രാഡ്വുഡിലാണ് ഈ സംഭവം നടന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ സംഘടിപ്പിച്ച ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന ഒരു സുഹൃത്താണ് സമ്മാനമായി ഒരു കവറിനുള്ളില്‍ കുറച്ച് ലോട്ടറി ടിക്കറ്റുകള്‍ നല്‍കിയത്. ഇല്ലിനോയിസ് ലോട്ടറിയുടെ ഓഗസ്റ്റ് എട്ടിന് നടന്ന 'ലോട്ടോ മില്യണ്‍ 2' നറുക്കെടുപ്പിലെ ടിക്കറ്റുകളായിരുന്നു അത്. 


ഇതിലൊരു ടിക്കറ്റിലെ 11, 17, 22, 26, 36, 45 എന്നീ ആറ് നമ്പറുകളും സമ്മാനാര്‍ഹമായ നമ്പറുകളും ഒരുപോലെ വന്നതോടെയാണ് ലോട്ടറി അടിച്ചതായി ഇദ്ദേഹത്തിന് മനസിലാകുന്നത്. താന്‍ ഒരിക്കലും ഒരു ലോട്ടറി അടിക്കുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല എന്ന് അദ്ദേഹം പിന്നീട് ലോട്ടറി ഉദ്യോഗസ്ഥരോട് പ്രതികരിച്ചു.

എന്നാല്‍ തുടക്കത്തില്‍ തനിക്ക് എത്ര രൂപയാണ് സമ്മാനമായി ലഭിച്ചതെന്ന് അദ്ദേഹത്തിന് മനസിലായിരുന്നില്ല. ലോട്ടറി അടിച്ചുവെന്ന് ഉറപ്പായപ്പോള്‍ 1,000 ഡോളര്‍ ലഭിച്ചു എന്നാണ് ഇദ്ദേഹം കരുതിയത്. ടിക്കറ്റ് പരിശോധിക്കാന്‍ അദ്ദേഹം ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചെങ്കിലും ആ സുഹൃത്തിനും ഈ വമ്പന്‍ തുക തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 'ആയിരം ഡോളര്‍ എന്നത് ഒരു ചെറിയ തുകയല്ലല്ലോ, ഇന്നത്തെ ദിവസം ഗംഭീരമായി' എന്നാണ് അദ്ദേഹം അപ്പോള്‍ ചിന്തിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ കാത്തിരുന്നത് അതിലും വലിയൊരു സര്‍പ്രൈസായിരുന്നു.

തങ്ങള്‍ക്ക് ലഭിച്ച 1,000 ഡോളര്‍ വാങ്ങാന്‍ ഇദ്ദേഹവും ഭാര്യയും കൂടി ഇല്ലിനോയിസ് ലോട്ടറിയുടെ പ്രൈസ് സെന്ററില്‍ എത്തി. തങ്ങള്‍ക്ക് ആയിരം ഡോളര്‍ അടിച്ചു എന്ന് ഇവര്‍ ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ ടിക്കറ്റ് പരിശോധിച്ച ജീവനക്കാരന്‍ പറഞ്ഞത് കേട്ട് അവര്‍ ശരിക്കും ഞെട്ടി. 1,000 ഡോളറല്ല, മറിച്ച് ഒരു മില്യണ്‍ ഡോളറാണ് ആ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത് എന്നായിരുന്നു ജീവനക്കാരന്‍ നല്‍കിയ മറുപടി. അപ്രതീക്ഷിതമായ ഈ വാര്‍ത്ത കേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചുപോയി, ഭാര്യ സന്തോഷം കൊണ്ട് പൊട്ടിക്കരയുകയും ചെയ്തു. ഈ വലിയ തുകയ്ക്ക് പുറമെ, അതേ ടിക്കറ്റിലെ മറ്റൊരു വരിയിലെ രണ്ട് നമ്പറുകള്‍ പൊരുത്തപ്പെട്ടതിനാല്‍ രണ്ട് ഡോളര്‍ കൂടി ഇദ്ദേഹത്തിന് അധികമായി ലഭിച്ചിരുന്നു.

ഫ്‌ലോറിഡയിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള വാര്‍ഷിക യാത്രയ്ക്കായി ഈ തുകയുടെ ഒരു ഭാഗം ചെലവഴിക്കാനാണ് ഇദ്ദേഹം പദ്ധതിയിടുന്നത്. ഇതിനുപുറമെ പുതിയൊരു കാറും ഗോള്‍ഫ് കാര്‍ട്ടും വാങ്ങാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഇവരുടെ 40-ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഒരു ക്രൂയിസ് യാത്ര പോകുന്നതിനൊപ്പം, മക്കള്‍ക്ക് വലിയൊരു വിരുന്ന് നല്‍കാനും ഈ ഭാഗ്യവാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web