വിശുദ്ധ അഗസ്റ്റിൻ ബസിലിക്കയിൽ വിശ്വാസത്തിന്റെ സന്തോഷകരമായ ഒത്തുചേരൽ
ലെയോ പതിനാലാമൻ മാർപാപ്പയുടെ അൾജീരിയയിലെ രണ്ടാം ദിവസമായ ഏപ്രിൽ 14 ചൊവ്വാഴ്ച, വിശുദ്ധ കുർബാനയ്ക്കായി അന്നബയിലെ വിശുദ്ധ അഗസ്റ്റിൻ ബസിലിക്കയിൽ നിരവധി വിശ്വാസികളാണ് ഒത്തുകൂടിയത്.
തീരദേശ നഗരമായ അന്നബയിലെ ഒരു കുന്നിൻ മുകളിലുള്ള ദൈവാലയത്തിൽ നടന്ന ആഘോഷത്തിൽ ടുണീഷ്യ, ഉഗാണ്ട, ബ്രസീൽ തുടങ്ങി ലോകമെമ്പാടുമുള്ള ഇടങ്ങളിൽ നിന്നെത്തിയ തീർഥാടകർ, സർവകലാശാലാ വിദ്യാർഥികൾ, മതവിശ്വാസികളായ സ്ത്രീപുരുഷന്മാർ എന്നിവർ കാറ്റിനെയും മഴയെയും അവഗണിച്ചും പങ്കെടുത്തു.
മൗറിറ്റാനിയ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഛാഡ് എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന ഒരു രൂപതയായ വടക്കേ ആഫ്രിക്കയിലെ ആംഗ്ലിക്കൻ ബിഷപ്പ് ആഷ്‌ലി നൾ, പരിശുദ്ധ പിതാവിനൊപ്പം ആരാധനയിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. “അൾജീരിയയുടെ ഭൂപ്രകൃതിയെക്കാളും കടൽത്തീരത്തെക്കാളും മനോഹരമായ ഒരേയൊരു കാര്യം ജനങ്ങളുടെ ഹൃദയങ്ങളുടെ സൗന്ദര്യമാണ്” എന്ന് ബിഷപ്പ് പറഞ്ഞു.
“അൾജീരിയൻ ജനത ലെയോ മാർപാപ്പയെ ആലിംഗനം ചെയ്യാൻ, അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ, അദ്ദേഹത്തിന്റെ സമാധാന ദൗത്യത്തെ ആദരിക്കാൻ അവരുടെ കൈകളും ഹൃദയങ്ങളും തുറന്നു” എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു
ഉഗാണ്ടയിലെ മസാക്ക രൂപതയിൽ നിന്നുള്ള മൂന്ന് വൈദികരും ഇടവക വൈദികരായ ഫാ. ജോസഫ് കമോഗ, ഫാ. ജോൺ മേരി വിയാനി, രൂപതാ വൈസ് ചാൻസലർ ഫാ. അലക്സ് കിയിംബ എന്നിവറം വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുത്തു.
അന്നബയിലെ സെന്റ് അഗസ്റ്റിൻ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള ഒത്തുചേരൽ, സംസ്കാരങ്ങളും തലമുറകളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സന്തോഷകരവും പ്രാർഥനാപൂർവവുമായ നിമിഷങ്ങളായി മാറി.