പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു.
സെപ്റ്റംബര്‍ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തെരുവുനായ ആക്രമിച്ചപ്പോള്‍ കൃഷ്ണമ്മ നിലത്തുവീഴുകയും തുടര്‍ന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ പേവിഷബാധ മൂലം 23 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ പോയ വര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവ് ഉണ്ടെന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.