ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്ത കത്തോലിക്കാ ദേവാലയം സന്ദര്‍ശിച്ച് ജെറുസലേമില്‍ നിന്നുള്ള പുരോഹിതസംഘം. വെടിനിര്‍ത്തണമെന്ന് അഭ്യര്‍ഥന

ഗാസ: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തതിനു പിന്നാലെ, വിശ്വാസികളെ സന്ദര്‍ശിച്ച് ജെറുസലേമില്‍ നിന്നുള്ള ക്രിസ്ത്യന്‍ പുരോഹിത സംഘം. ലാറ്റിന്‍ സഭ മേധാവി കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ് പിസബല്ലാ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ തലവന്‍ തിയോഫിലോസ് മൂന്നാമന്‍ ഉള്‍പ്പെടെയുള്ളവരാണ് പുരോഹിത സംഘത്തിലുണ്ടായിരുന്നത്.
ആക്രമണത്തില്‍ പരിക്കേറ്റവരെ ആശ്വസിപ്പിക്കുന്നതിനൊപ്പം , വിശുദ്ധ നഗരത്തിലെ ദേവാലയങ്ങളിലെ അജപാലകരുടെ ദുഖവും ആശങ്കയും പങ്കുവയ്ക്കുകയായിരുന്നു അസാധാരണ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പുണ്യ ദിനങ്ങളോ, പ്രധാന ചടങ്ങുകളോ ആചരിക്കാനായി ക്രിസ്തീയ പുരോഹിതര്‍ ഗാസയില്‍ സാധാരണയായി എത്താറുള്ളതായിരുന്നു.
എന്നാല്‍, ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനുശേഷം, ഗാസയിലേക്കുള്ള പ്രവേശനം ഇസ്രയേല്‍ കര്‍ശനമായി നിയന്ത്രിച്ചിരുന്നു. കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ ദേവാലയവും പരിസരവും തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുരോഹിത സംഘം ഗാസയിലെത്തിയത്.
ഗാസയിലെ വിശ്വാസ സമൂഹങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പുരോഹിത സംഘം, വെടിനിര്‍ത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു. അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ ദിവസവും വിളിച്ച് വിവരം അന്വേഷിച്ചുകൊണ്ടിരുന്ന ഹോളി ഫാമിലി ചര്‍ച്ചും പരിസരവുമാണ് ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തത്.
ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് നൂറുകണക്കിന് പലസ്തീനികള്‍ അഭയം തേടിയിരുന്ന ദേവാലയ വളപ്പാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇടവക വികാരി ഉള്‍പ്പെടെ പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പലസ്തീനിലെ സ്ഥിതി എല്ലാ ദിവസവും പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിച്ചുകൊണ്ടിരുന്ന ഇടവക വികാരി ഫാ. ഗബ്രിയേലെ റോമനെല്ലിയുടെ കാലിനായിരുന്നു പരിക്ക്.