നേപ്പാളിലെ  പ്രളയത്തില്‍ തകരാതെ ഉറച്ചുനിന്ന പച്ചച്ചായമടിച്ച വീട് സോഷ്യല്‍ മീഡിയയില്‍ തരംഗം. 40 വര്‍ഷം പഴക്കമുള്ള വീട് പ്രളയത്തെ അതിജീവിച്ചത് എങ്ങനെ?

 
NEPAL FLOOD


കാഠ്മണ്ഡു: നേപ്പാളിലെ നുവാക്കോട്ട് ജില്ലയില്‍ ത്രിശൂലി നദിയിലുണ്ടായ വിനാശകരമായ പ്രളയത്തില്‍ ചുറ്റുമുള്ള കെട്ടിടങ്ങളും വാഹനങ്ങളും ഒലിച്ചുപോയപ്പോഴും, തകരാതെ ഉറച്ചുനിന്ന പച്ചച്ചായമടിച്ച നാലുനില വീട് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. ആര്‍ത്തലച്ചെത്തുന്ന പ്രളയജലത്തിന് മുമ്പില്‍ മരണത്തെ മുഖാമുഖം കണ്ട് ഒരു കുടുംബം ഉള്ളുലഞ്ഞ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഭയാനകമായിരുന്നു. ചുറ്റുമുള്ള കെട്ടിടങ്ങളൊക്കെയും ഒലിച്ചു പോയിട്ടും ഒടുവില്‍ തരിമ്പും കുലുങ്ങാതെ ആ പച്ച വീട് മാത്രം പ്രളയത്തെ അതിജീവിച്ചു, ആ കുടുംബവും.

പ്രളയജലത്തിന് നടുവില്‍ തരിമ്പും കുലുങ്ങാതെ നിന്ന ഈ 'അത്ഭുത വീടിന്റെ' ഉടമ പ്രകാശും കുടുംബവും ആ ഭീതിജനകമായ നിമിഷങ്ങളും രക്ഷാപ്രവര്‍ത്തനവും ഓര്‍ത്തെടുക്കുകയാണ്.

'ജീവിതം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളായിരുന്നു അവ. പെട്ടെന്നാണ് നദിയില്‍ വെള്ളമുയരുന്നുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ കടയിലുണ്ടായിരുന്ന ഞാന്‍ വീട്ടിലേക്ക് ഓടി. കുടുംബാംഗങ്ങളോട് വേഗത്തില്‍ തന്നെ പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വാതില്‍പ്പടിയിലെത്തിയപ്പോഴേക്കും വെള്ളം ഇരച്ചെത്തിയിരുന്നു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം പ്രളയജലത്തില്‍ തലകീഴായി മറിഞ്ഞിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കുടുംബാംഗങ്ങളായ അഞ്ചുപേരെയും കൂട്ടി വീടിന്റെ ഏറ്റവും മുകളിലെ (നാലാം നില) നിലയിലേക്ക് ഓടിക്കയറുകയായിരുന്നു'- പ്രകാശ് പറയുന്നു.
എല്ലാം അവസാനിച്ചു. ഇത് ഞങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷങ്ങളായിരിക്കുമെന്നാണ് കരുതിയത്. മകന്‍ സ്‌കൂളിലായിരുന്നു. അവന് എന്ത് സംഭവിക്കുമെന്നോര്‍ത്തുള്ള ചിന്ത വേറെയും. അവന്‍ സ്‌കൂളിലായതുകൊണ്ട് തന്നെ എല്ലാവരും അസ്വസ്ഥരായിരുന്നു. നാലാം നിലയിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ എല്ലാവരും വീടിന്റെ ടെറസിലേക്ക് കയറുകയായിരുന്നു. പ്രകാശ് പറഞ്ഞതായി ഇന്ത്യ ടുഡേ പറഞ്ഞു.

ചുറ്റുമുള്ള പുതിയ കെട്ടിടങ്ങളും വാഹനങ്ങളും നദി കവര്‍ന്നെടുത്തപ്പോഴും ഈ പച്ച വീട് സുരക്ഷിതമായി നിന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്തുകൊണ്ടായിരിക്കാം ഈ വീട് മാത്രം അതിജീവിച്ചതെന്ന ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായിരുന്നു.

പതിറ്റാണ്ടുകള്‍ മുമ്പ് നിര്‍മ്മിച്ച വീടാണ് ഇതെന്ന് പ്രകാശ് പറയുന്നു. ഇതിന്റെ നിര്‍മ്മാണ രീതിയും പ്രതിരോധ ശേഷിയുമാണ് ഇത്തരത്തില്‍ അതിജീവനത്തിന് സാധ്യമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.
40 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഈ വീടിന് ഉയര്‍ന്ന ഗുണനിലവാരമുള്ള സിമന്റും മണ്ണുമാണ് ഉപയോഗിച്ചത്. അക്കാലത്ത് സിമന്റിന്റെയും നിര്‍മ്മാണ സാമഗ്രികളുടേയും ഗുണനിലവാരം മികച്ചതായിരുന്നു. നദിയുടെ സാമീപ്യം കാരണം വീടിന്റെ അടിത്തറയിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും പ്രകാശ് പറയുന്നു. സുരക്ഷാ മുന്‍കരുതലായി മൂന്ന് പാളികളിലായി റോഡ് മെറ്റീരിയലുകള്‍ അടക്കം നല്‍കി അടിത്തറ വളരെ ശക്തമായാണ് പണിതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീട് തകര്‍ന്നുപോയില്ലെങ്കിലും, താഴത്തെ നിലയിലെ ഗോഡൗണിലുണ്ടായിരുന്ന സാധനങ്ങളും, വാഹനങ്ങളും, ബൈക്കുകളും പ്രളയത്തില്‍ ഒലിച്ചുപോയി.

ഏകദേശം ഒന്നര മണിക്കൂറോളം പ്രളയഭീതിയില്‍ വീടിനു മുകളില്‍ കഴിഞ്ഞ കുടുംബത്തെ, വെള്ളത്തിന്റെ ഒഴുക്ക് അല്പം കുറഞ്ഞതോടെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.
അടുത്തുള്ള കെട്ടിടത്തിനും ഈ വീടിനും ഇടയില്‍ വലിയൊരു പൈപ്പും കയറും ബന്ധിപ്പിച്ചാണ് നാട്ടുകാര്‍ സാഹസികമായി കുടുംബത്തെ പുറത്തെത്തിച്ചത്. സ്‌കൂളിലായിരുന്ന മകനും സുരക്ഷിതനാണെന്ന് പിന്നീട് ഉറപ്പാക്കാനായി.

Tags

Share this story

From Around the Web