ഐക്യദാര്‍ഢ്യവും പ്രത്യാശയും പകര്‍ന്ന് കത്തോലിക്കാ സന്യാസിനിമാരുടെ ആഗോള സംഗമം
കോണ്‍റാഡ് എന്‍. ഹില്‍ട്ടണ്‍ ഫൗണ്ടേഷന്റെ കാത്തലിക് സിസ്റ്റേഴ്‌സ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഗോള കത്തോലിക്കാ സന്യാസിനിമാരുടെ മഹാസംഗമം താന്‍സാനിയയിലെ ദാര്‍ എസ് സലാമില്‍ സമാപിച്ചു.
ജൂണ്‍ 10 മുതല്‍ 12 വരെ നടന്ന സംഗമത്തില്‍ 'ഐക്യദാര്‍ഢ്യത്തിലും പ്രത്യാശയിലും ഒന്നിച്ച് മുന്നേറുക : സമൂഹങ്ങളെ ശക്തിപ്പെടുത്തലും പൊതുനന്മയ്ക്കായി ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനവും ' എന്നതായിരുന്നു പ്രധാന പ്രമേയം.
ലോകത്തിലെ 23 രാജ്യങ്ങളില്‍ നിന്നായി നൂറ്റിമുപ്പതിലധികം സന്യാസിനിമാരും സഭാ നേതാക്കളും അല്‍മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം, ലിംഗവിവേചനവും അതിക്രമങ്ങളും തടയല്‍, യുവജന ശാക്തീകരണം, മുതിര്‍ന്ന സന്യാസിനിമാരുടെ സംരക്ഷണം എന്നിവയ്ക്ക് ഫൗണ്ടേഷന്‍ മുന്‍ഗണന നല്‍കുന്നതായി കാത്തലിക് സിസ്റ്റേഴ്‌സ് ഇനിഷ്യേറ്റീവ് മേധാവി സിസ്റ്റര്‍ ഡോ. ജെയ്ന്‍ വകാഹിയു വ്യക്തമാക്കി.
ഹില്‍ട്ടണ്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ലോകമെമ്പാടുമുള്ള 2.5 കോടിയിലധികം ആളുകള്‍ക്ക് ഇതിനകം വിവിധ പദ്ധതികളുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
സഭയ്ക്കുള്ളിലെ സുരക്ഷിതത്വവും സംരക്ഷണവും ക്രിസ്തുവിലൂന്നിയതായിരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫാ. ഹാന്‍സ് സോള്‍നര്‍ ചൂണ്ടിക്കാട്ടി.
അതിക്രമങ്ങള്‍ക്ക് ഇരയായവരെയും വേദനിക്കുന്നവരെയും ചേര്‍ത്തുപിടിക്കുക എന്നതാണ് ക്രിസ്തുമാര്‍ഗമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബിഷപ്പുമാരും വൈദികരും സന്യാസിനികളും തമ്മിലുള്ള കൂട്ടായ്മയും പങ്കാളിത്തവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു.
ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും വ്യത്യസ്ത രാജ്യങ്ങളിലാണ് ഈ രാജ്യാന്തര സംഗമം സംഘടിപ്പിക്കാറുള്ളത്.
വരും നാളുകളില്‍ കൂടുതല്‍ ശക്തമായ സാമൂഹിക ഇടപെടലുകള്‍ നടത്തുമെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം അവസാനിച്ചത്.