ബിലീവേഴ്‌സ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഫ്‌ലാഷ് മോബ് നടന്നു
തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി സാമൂഹ്യ സേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 13ന് നടത്താന്‍ പോകുന്ന റിനൈസന്‍സ് 2026 എന്ന ശില്‍പ്പശാലയുടെ വിളംബരമായി ഫ്‌ലാഷ് മോബും തെരുവ് നാടകവും നടന്നു.
തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നില്‍ നടന്ന പരിപാടി ലഹരിക്കെതിരെ ഉള്ള ബോധവല്‍ക്കരണ സംരംഭമായായിരുന്നു. ആരോഗ്യമേഖലയില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ സ്വാധീനവും സേവനവും ഏതൊക്കെ തരത്തിലുണ്ട് എന്നതാണ് പ്രസ്തുത ശില്പശാലയുടെ ചര്‍ച്ചാവിഷയം.
സോഷ്യല്‍ വര്‍ക്ക് ബിരുദ ബിരുദാനന്തര കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും ആശുപത്രിയിലെ മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരെയും പങ്കെടുപ്പിക്കുവാന്‍ ഉദ്ദേശിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
ആരോഗ്യ മേഖലയിലെ ഐ സി യു മുതല്‍ ഫിസിയോ തെറാപ്പി വരെ നീളുന്ന വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സാമൂഹ്യ സേവന വിഭാഗത്തിലെ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. മാര്‍ച്ച് 13 -ാം തീയതി വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 2 മണി വരെ ബിലീവേഴ്‌സ് ആശുപത്രിയിലെ ആംഫി തിയേറ്ററിലാണ് റിനൈസന്‍സ് 2026 നടക്കുന്നത്.
ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ബിലീവേഴ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശില്പശാലയില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 9072237111, 8606028192 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.