ക്ലാസില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യഭാഗത്ത് കത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു; അധ്യാപികക്കെതിരെ കേസ്

 
police


വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ മാനുഷിക മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. ക്ലാസ് മുറിയില്‍ ട്രൗസറില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരനായ നഴ്‌സറി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക കത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു. പാണ്ഡേപൂര്‍ പ്രദേശത്തെ ഒരു സ്വകാര്യ സ്‌കൂളിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 24-നാണ് കേസിനാസ്പദമായ സംഭവം. ക്ലാസിനിടെ മൂത്രമൊഴിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അധ്യാപികയായ പ്രീതി കുശ്വാഹ അത് അനുവദിച്ചില്ല. തുടര്‍ന്ന് കുട്ടി ട്രൗസറില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ അധ്യാപിക കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഗ്യാസ് സ്റ്റൗവില്‍ കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളലേല്‍പ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തി.


സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി കടുത്ത വേദനകൊണ്ട് കരയുകയും തുടര്‍ന്ന് മാതാപിതാക്കള്‍ ശരീര പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. മാതാപിതാക്കള്‍ ഉടന്‍തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മാനേജ്മെന്റിനെയും സമീപിച്ചെങ്കിലും അവര്‍ പരാതി പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ അധ്യാപിക, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജ്മെന്റ് എന്നിവര്‍ക്കെതിരെ വാരണാസി പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് വയസ്സുകാരനോട് ക്രൂരത കാണിച്ച അധ്യാപികയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web