ടേക്ക് ഓഫിന് മുന്‍പ് തീപിടിത്ത മുന്നറിയിപ്പ് തെറ്റായി നല്‍കി; എമര്‍ജന്‍സി എക്‌സിറ്റിലൂടെ ചാടിയ യാത്രക്കാര്‍ക്ക് പരുക്ക്

സ്‌പെയിന്‍: ടേക്ക് ഓഫിന് മുന്‍പ് തീപിടിത്ത മുന്നറിയിപ്പ് അലാറം മുഴങ്ങിയതിനെത്തുടര്‍ന്ന് എമര്‍ജന്‍സി എക്‌സിറ്റിലൂടെ ചാടിയ യാത്രക്കാര്‍ക്ക് പരുക്ക്. സ്‌പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് സംഭവത്തില്‍ 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. മാഞ്ചസ്റ്ററിലേക്ക് പോകാന്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട റയന്‍എയര്‍ 737 എന്ന വിമാനത്തിലാണ് സംഭവം നടന്നത്.
അപായ അലാറം മുഴങ്ങിയതിനാല്‍ പരിഭ്രാന്തരായ യാത്രക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന ഉടന്‍ വിമാനത്തിന്റെ ചിറകിലേക്ക് കയറുകയും അവിടെ നിന്നും താഴേക്ക് ചാടുകയും ചെയ്തു. ഉയരത്തില്‍ നിന്നും താഴെക്ക് വീണതിനെ തുടര്‍ന്നാണ് പലര്‍ക്കും പരിക്കേറ്റത്.
തീപിടിത്ത മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ലൈറ്റ് തെളിഞ്ഞതോടെ എയര്‍പോര്‍ട്ടിലെ എമര്‍ജന്‍സി ടീം വിമാനത്തിനടുത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്തും മുന്‍പ് യാത്രക്കാര്‍ പുറത്തേക്ക് ചാടുകയായിരുന്നു.
പതിനെട്ട് പേര്‍ക്ക് പരിക്കേറ്റതായും, അവരില്‍ ആറ് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥരും അഗ്‌നിശമന സേന ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.