വേദനക്കിടയിലും മാതൃകയായി ഒരു കുടുംബം; വിഷ്ണുവിന്റെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും; ഗ്രീൻ കോറിഡോർ ഒരുക്കി യാത്ര

 
organ

കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച ഇരുപതുകാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം കാണിച്ച മനസ്സ് നാലുപേർക്ക് പുതുജീവിതമേകുന്നു. ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിഷ്ണു വിടവാങ്ങിയത്.

 വിഷ്ണുവിന്റെ ശരീരത്തിലെ നാല് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിൽ വൃക്കകൾ, കരൾ, കണ്ണിലെ കോർണിയ എന്നിവ വിവിധ ആശുപത്രികളിലെ രോഗികൾക്ക് നൽകും. വിഷ്ണുവിന്റെ ഒരു വൃക്ക കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കും. ഇതിനായി പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കി അതിവേഗ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത് (ആംബുലൻസ് നമ്പർ: KL 05 BB 5596).

കഴിഞ്ഞ ജൂലൈ 6-ന് കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിന് പിന്നീട് തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടർന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്നു വിഷ്ണു.

തങ്ങളുടെ പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ വേദനയിലും, മറ്റൊരാൾക്ക് പുതുജീവിതം നൽകാൻ മുന്നോട്ട് വന്ന വിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം നാടിന് തന്നെ വലിയൊരു മാതൃകയാവുകയാണ്.

Tags

Share this story

From Around the Web