ആഗോള പ്രസിദ്ധമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ ഡിജിറ്റല്‍ പകര്‍പ്പ് തയാറാക്കാന്‍ ഒരുങ്ങുന്നു

 
NOTERDAM


ലോസ് ആഞ്ചലസ്: ആഗോള പ്രസിദ്ധമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ ഡിജിറ്റല്‍ പകര്‍പ്പ് തയാറാക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയിലെ ടെക് ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റ്, ഫ്രഞ്ച് സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ഇതിനു ശ്രമം നടത്തുന്നത്. 

862 വര്‍ഷം പഴക്കമുള്ള പള്ളിയുടെ ഓരോ ഇഞ്ചും ഡിജിറ്റല്‍ മാര്‍ഗങ്ങളില്‍ റെക്കോര്‍ഡ് ചെയ്യുന്നതു ഭാവിതലമുറയ്ക്കടക്കം വലിയ പ്രയോജനം ചെയ്യുമെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ചൂണ്ടിക്കാട്ടി. 


പള്ളി നേരിട്ടു സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്കു ഡിജിറ്റല്‍ പകര്‍പ്പിന്റെ വിര്‍ച്വല്‍ അനുഭവം സാധ്യമാക്കാം.വാസ്തുവിദ്യ അടക്കം പള്ളിയെ സംബന്ധിച്ച ഏറ്റവും വലിയ ആധികാരിക രേഖയായിരിക്കും ഡിജിറ്റല്‍ പകര്‍പ്പെന്ന് നിരീക്ഷിക്കപ്പെടുന്നു. 

മൈക്രോസോഫ്റ്റ് കമ്പനി കഴിഞ്ഞവര്‍ഷം വത്തിക്കാനിലെ സെറ്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഡിജിറ്റല്‍ പകര്‍പ്പ് തയാറാക്കിയിരുന്നു. അഞ്ചു വര്‍ഷം മുന്‍പത്തെ അഗ്‌നിബാധയില്‍ വലിയ നാശനഷ്ടമുണ്ടായ നോട്രഡാം പള്ളി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണു വീണ്ടും തുറന്നത്.

ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. രാജ്യത്തു ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള സ്മാരക കേന്ദ്രമായി മാറിയിരിക്കുകയാണ് നോട്രഡാം കത്തീഡ്രല്‍ ദേവാലയം. 

കഴിഞ്ഞ ആറ് മാസത്തിനിടെ 60 ലക്ഷം സന്ദര്‍ശകരാണ് ദേവാലയത്തില്‍ ഇതിനോടകം സന്ദര്‍ശനം നടത്തിയിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

2019 ഏപ്രില്‍ പതിനഞ്ചിനാണ് ദേവാലയം അഗ്‌നിയ്ക്കിരയായത്. കത്തിയ കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തന്നെ നേരിട്ടു ഇടപെട്ടിരിന്നു.
 

Tags

Share this story

From Around the Web