വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്താന്‍ തീരുമാനം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും
കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ ദുരൂഹതയില്‍ കല്ലറ തുറന്ന് പരിശോധന നടത്താന്‍ തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ കേസെടുക്കാനും തീരുമാനിച്ചു.
ഇന്ന് തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ആര്‍ഡിഒയുടെ അനുമതി ലഭിച്ചാലുടന്‍ കല്ലറ തുറന്ന് പരിശോധിക്കുമെന്നും പൊലീസ്. കല്ലറയ്ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനം. അന്വേഷണത്തില്‍ തൃപ്തിയെന്ന് പള്ളി വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ പറഞ്ഞു. ദുരൂഹത നീക്കുമെന്ന് പേരാവൂര്‍ ഡിവൈഎസ്പി വ്യക്തമാക്കി.
കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സെമിത്തേരിയുടെ 38ാം നമ്പര്‍ കല്ലറയില്‍ കണ്ട പായില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യമുള്ള വസ്തു സംബന്ധിച്ചാണ് ദുരൂഹത ഉയരുന്നത്.
എന്താണ് ആ വസ്തുവെന്നും നേരത്തെയുള്ള മൃതദേഹ അവശിഷ്ടമാണോ എന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ ദുരൂഹത ഒഴിവാകൂ. അതിനായി കല്ലറ തുറക്കേണ്ടി വരും.
ഈ മാസം 13ന് മറ്റൊരു മൃതദേഹം സംസ്‌കരിക്കാന്‍ കല്ലറ തുറന്നപ്പോഴാണ് സംശയാസ്പദമായ രീതിയില്‍ മൃതദേഹ സാദൃശ്യമുള്ള വസ്തു കണ്ടത്.
ശവപ്പെട്ടിക്ക് സമീപം ചെരിച്ചു വച്ച നിലയില്‍ ആണ് ഇത് ഉണ്ടായിരുന്നത്. നേരത്തെ 2006ല്‍ മരിച്ച റോസമ്മ, 2015ല്‍ മരിച്ച ജെയ്സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഈ കല്ലറയില്‍ അടക്കിയിരുന്നത്.