ഇംഗ്ലണ്ടില്‍ കത്തോലിക്ക ദേവാലയത്തിന് മുന്നിലെ ക്രൂശിത രൂപം അക്രമികള്‍ വികൃതമാക്കി

 
englend



ചെഷയര്‍: ഇംഗ്ലണ്ടിലെ വാറിങ്ടണിലുള്ള ബ്യൂസി സെന്റ് ആല്‍ബന്‍സ് കത്തോലിക്ക പള്ളിയ്ക്കു മുന്‍പില്‍ സ്ഥാപിച്ച ക്രൂശിത രൂപമുള്ള യുദ്ധസ്മാരകത്തിന് നേരെ അതിക്രമം. സ്മാരകത്തിലെ യേശുക്രിസ്തുവിന്റെ ക്രൂശിതരൂപത്തിന്റെ തല ഛേദിച്ച് കളഞ്ഞ അക്രമികള്‍ കത്തോലിക്ക സഭയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ എഴുതി അലങ്കോലമാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആക്രമണ വിവരം ശ്രദ്ധിക്കപ്പെടുന്നത്. വിദ്വേഷ കുറ്റകൃത്യമെന്ന നിഗമനത്തില്‍ ചെഷയര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


യുദ്ധ സ്മാരകത്തിന് നേരെയുണ്ടായ ആക്രമണം ഏറെ വേദനാജനകമാണെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ ജോസഫ് മക്നാലി പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയവരെ ആദരിക്കാനാണ് ഇത്തരം സ്മാരകങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. അതിനുനേരെയുള്ള അതിക്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇടവകാംഗങ്ങളുടെ സ്മരണയ്ക്കായി സ്ഥാപിച്ചതാണ് കത്തോലിക്ക ദേവാലയ മുറ്റത്തെ സ്മാരകം.


വെള്ളിയാഴ്ച വൈകിട്ട് ആക്രമണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച രാവിലെ പള്ളിയിലെത്തിയ വിശ്വാസിയാണ് സ്മാരകം തകര്‍ക്കപ്പെട്ട വിവരം ആദ്യം കാണുന്നത്. പ്രദേശത്ത് നടന്ന മറ്റ് ചില അതിക്രമങ്ങളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 42 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web