യുഎഇയിലെ ദ്വീപില്‍ നിന്ന് ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുരിശ് കണ്ടെത്തി

അബുദാബി: യുഎഇയുടെ ഭാഗമായ ദ്വീപില്‍ നിന്ന് 1400 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുരിശ് പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇവിടെ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു എന്ന നിഗമനങ്ങള്‍ക്ക് ബലം പകരുന്നതാണ് പുതിയ കണ്ടെത്തല്‍.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ തലസ്ഥാനമായ അബുദാബിയില്‍ നിന്ന് ഏകദേശം 110 മൈല്‍ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സര്‍ ബാനി യാസ് എന്ന ദ്വീപില്‍ നിന്നാണ് കുരിശ് കണ്ടെത്തിയത്.
ഏകദേശം 10.6 ഇഞ്ച് നീളവും 6.7 ഇഞ്ച് വീതിയും ഒരു ഇഞ്ചില്‍ താഴെ കനവുമുള്ള ഒരു ഫലകത്തില്‍ വാര്‍ത്തെടുത്ത ഒരു പ്ലാസ്റ്റര്‍ കുരിശാണ് കണ്ടെത്തിയത്
ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് സഭയില്‍പ്പെട്ട ക്രൈസ്തവ വിശ്വാസികളാണ് ഇവിടെ താമസിച്ചിരുന്നതെന്ന് കുരിശിനോട് ചേര്‍ന്നുള്ള ചിഹ്നങ്ങള്‍ സൂചിപ്പിക്കുന്നു. 1990 മുതല്‍ ഇവിടെ നടത്തി വന്നിരുന്ന പുരാവസ്തുഗവേഷണങ്ങളില്‍ ഏഴാം നൂറ്റാണ്ടോളം പഴക്കമുള്ള പുരാതനമായ ദൈവാലയത്തിന്റെയും സന്യാസ ഭവനത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
ദൈവാലയത്തോട് ചേര്‍ന്നുള്ള സന്യാസ ആശ്രമങ്ങളുടെ ഭാഗത്ത് നടത്തിയ പര്യവേഷണത്തിലാണ് കുരിശ് കണ്ടെത്തിയതെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പുരാവസ്തു ഗവേഷകയായ മരിയ മഗ്ദലീന ഗജ്യൂസ്‌ക പറഞ്ഞു.
പ്രധാന ദൈവാലയത്തിന്റെ വടക്കും വടക്കുപടിഞ്ഞാറുമായി സന്യാസിമാരുടെ ഒന്‍പത് താമസ സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. ഏകാന്തത, പ്രാര്‍ത്ഥന, മാനസികവും ആത്മീയവുമായ അച്ചടക്കം എന്നിവ പാലിക്കുന്നതിനായി കൂടുതല്‍ മുതിര്‍ന്ന സന്യാസിമാര്‍ ഇവിടെയാണ് താമസച്ചിരുന്നതെന്ന് കരുതുന്നതായി ഗ്രാജ്യൂസ്‌ക പറഞ്ഞു.
ഈ വീടുകള്‍ ചിതറിക്കിടക്കുന്ന ഒരു സന്യാസ ആശ്രമത്തിന്റെ ഭാഗമാണെന്ന്കരുതിയിരുന്നെങ്കിലും ഇവിടെ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവര്‍ താമസിച്ചിരുന്നു എന്നതിന്റെ തെളിവാണ് കുരിശിന്റെ കണ്ടെത്തലെന്നും ഗ്രാജ്യുസ്‌ക വ്യക്തമാക്കി.
യുഎഇയുടെ സഹവര്‍ത്തിത്വത്തിന്റെയും സാംസ്‌കാരിക തുറവിയുടെയും ശക്തമായ തെളിവാണ് പുതിയ കണ്ടെത്തലെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്, വിശേഷിപ്പിച്ചു.