'എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തി'; പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി ഷെര്‍ഷാദ്

 
shersad


കൊച്ചി: സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി ഷെര്‍ഷാദ്. പി ശശി തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് മൊഴി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലെത്തി ഷെര്‍ഷാദ് മൊഴി നല്‍കിയത്. 
തന്റെ കമ്പനിയില്‍ ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നതായിരുന്നു വ്യവസായി ഷെര്‍ഷാദിനെതിരായ കേസ്. പെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഇദ്ദേഹം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത് വഴിയാണ് ഷെര്‍ഷാദിന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. 


യുകെ വ്യവസായി രാജേഷ് കൃഷ്ണയും പല സിപിഐഎം ഉന്നതരും അനധികൃത ഇടപാടുകള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ഇദ്ദേഹം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചിരുന്നു. തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലെന്നായിരുന്നു അന്ന് മുതല്‍ ഇദ്ദേഹം ആരോപിച്ചിരുന്നത്.

കൊച്ചി കമ്മിഷണറില്‍ അവിശ്വാസം രേഖപ്പെടുത്തി ഷെര്‍ഷാദ് ഡിജിപിക്ക് കത്ത്നല്‍കിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് ഷര്‍ഷാദ് പരാതി നല്‍കിയിരുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കി ബുദ്ധിമുട്ടിച്ചുവെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പൊലീസിനെ ദുരുപയോഗം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സിപിഐഎം പൊളിറ്റ്ബ്യൂറോയ്ക്ക് നല്‍കിയ കത്ത് എങ്ങനെ ചോര്‍ന്നു, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെല്ലാം എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിധേയമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. നേരത്തെ തന്നെ വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 


എന്നാല്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ അന്വേഷിക്കുകയാണെങ്കില്‍ തനിക്ക് അതില്‍ വിശ്വാസമില്ലെന്നും പി ശശിയുടെ കാലത്ത് നിയമിക്കപ്പെട്ടയാളാണ് ഈ ഉദ്യോഗസ്ഥനെന്നും ഷെര്‍ഷദ് ആരോപിച്ചിരുന്നു.

Tags

Share this story

From Around the Web