മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. ജനിച്ച കുഞ്ഞ് മരിച്ചു; ജാര്‍ഖണ്ഡില്‍ പ്രസവാവധി ചോദിച്ച സര്‍ക്കാര്‍ അധ്യാപികയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് അധികൃതര്‍
പലാമു: പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് നിയമാനുസൃതമായ അവധിക്ക് അപേക്ഷിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ജാര്‍ഖണ്ഡിലാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്.
കുഞ്ഞ് നഷ്ടപ്പെട്ട തീരാദുഃഖത്തിനിടയിലും മാനുഷിക പരിഗണന പോലും നല്‍കാതെ ഉദ്യോഗസ്ഥര്‍ കൈക്കൂലിക്ക് വേണ്ടി അധ്യാപികയെ ബുദ്ധിമുട്ടിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ദുരന്തത്തിന് ഇരയായ അധ്യാപിക, തനിക്ക് അര്‍ഹതപ്പെട്ട അവധിയും അനുബന്ധ ആനുകൂല്യങ്ങളും അനുവദിച്ചുകിട്ടുന്നതിനായാണ് വിദ്യാഭ്യാസ വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടത്. എന്നാല്‍ അവധി അപേക്ഷ പാസാക്കാനും തടസമില്ലാതെ ശമ്പളം ലഭ്യമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആരോപണം.
കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതോടെ അധ്യാപികയുടെ അവധി അപേക്ഷ നടപടികള്‍ വൈകിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ ഇവരെ നിരന്തരം മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തു.
കുഞ്ഞിന്റെ വേര്‍പാടില്‍ തകര്‍ന്നിരിക്കുന്ന സമയത്ത് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന അനാസ്ഥ അധ്യാപികയെ കൂടുതല്‍ ദുരിതത്തിലാക്കി.
സംഭവം പുറത്തുവന്നതോടെ അധ്യാപക സംഘടനകളും ജനപ്രതിനിധികളും വിഷയത്തില്‍ ശക്തമായി ഇടപെടുകയും കുറ്റക്കാര്‍ക്കെതിരെ ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കുഞ്ഞ് നഷ്ടപ്പെട്ട വിവരവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് 185 ദിവസത്തെ അവധി അനുവദിച്ച് വാട്‌സ്ആപ്പില്‍ ഉത്തരവ് ലഭിച്ചതെന്ന് ഭര്‍ത്താവ് പറയുന്നു.
യഥാസമയം അവധി നല്‍കിയിരുന്നെങ്കില്‍ തങ്ങളുടെ കുഞ്ഞ് ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു എന്നും കുടുംബം വേദനയോടെ വ്യക്തമാക്കുന്നു.
വിഷയം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട ജില്ലാ ഭരണകൂടം രണ്ട് ക്ലര്‍ക്കുമാരെ സസ്‌പെന്‍ഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തു.
എന്നാല്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം ഡെപ്യൂട്ടി കമ്മീഷണര്‍ തള്ളി. അപേക്ഷയില്‍ ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നതാണ് വൈകാന്‍ കാരണമെന്നും അഴിമതി നടന്നിട്ടുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
അധ്യാപികയ്ക്ക് അര്‍ഹതപ്പെട്ട അവധിയും ആനുകൂല്യങ്ങളും എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.