തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി. മൂന്നു പേര്‍ക്കെതിരെ 15 -ലധികം കേസുകള്‍. കോട്ടയം, എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് പരാതിക്കാര്‍
കോട്ടയം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 15-ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കോട്ടയം, എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് പരാതിക്കാര്‍. കോട്ടയം നീലിമംഗലം സ്വദേശിനി ഫെബാമേരി, സുഹൃത്തുക്കളായ റെന്‍സി, ഫഹദ് എന്നിവര്‍ക്കെതിരെയാണ് കേസുകള്‍.
കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ദുബായ് വിമാനത്താവളങ്ങളിലും ആശുപത്രികളിലും ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാര്‍ഥികളെ സമീപിച്ചതെന്നാണ് പരാതി.
വിസയും നിയമന രേഖകളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ വാങ്ങിയതായും പിന്നീട് നല്‍കിയ ഓഫര്‍ ലെറ്ററുകളും വിസയും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതായും പരാതിക്കാര്‍ പറയുന്നു.
പരാതിക്കാര്‍ പറയുന്നതനുസരിച്ച്, ജോലി ലഭിക്കുമെന്ന വിശ്വാസത്തില്‍ പ്രതികള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു.
പിന്നീട് രേഖകളില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലും കേരള പൊലീസ് ആസ്ഥാനത്തും പരാതി നല്‍കി.
തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ടെന്നും ഇതുവരെ 40-ലധികം പേര്‍ ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. കൂടുതല്‍ പേര്‍ മുന്നോട്ട് വരുന്നതോടെ കേസുകളുടെ എണ്ണവും വര്‍ധിക്കാനിടയുണ്ടെന്നാണ് സൂചന.
മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും കൂട്ടപരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും അവര്‍ അറിയിച്ചു.
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം. ബെംഗളൂരുവില്‍ ഇവരെ കണ്ടതായി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.
പരാതിക്കാരില്‍ നിന്ന് കൂടുതല്‍ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ശേഖരിച്ച് അന്വേഷണം തുടരുകയാണ്.