വിശ്വാസത്തില്‍ ഉറച്ചതും ഐക്യബോധത്തില്‍ ശക്തമായതുമായ സമുദായത്തിനു കാലഘട്ടത്തിന്റെ ദിശ മാറ്റാന്‍ കഴിയുമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കൊച്ചി: വിശ്വാസത്തില്‍ ഉറച്ചതും ഐക്യബോധത്തില്‍ ശക്തമായതുമായ സമുദായത്തിനു കാലഘട്ടത്തിന്റെ ദിശ മാറ്റാന്‍ കഴിയുമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സമുദായ ശക്തീകരണവര്‍ഷം - 2026 ന്റെ സഭാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്.
വ്യക്തിപരമായ വിശ്വാസാനുഭവങ്ങളില്‍ മാത്രം തൃപ്തിയടയാതെ, വിശ്വാസ ബോധ്യങ്ങളെ സമൂഹനന്മയ്ക്കായി പ്രവര്‍ത്തന സജ്ജമാക്കുമ്പോളാണ് സമുദായം ചരിത്രത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുന്നതെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
രൂപതകള്‍, സമര്‍പ്പിത സമൂഹങ്ങള്‍, കുടുംബങ്ങള്‍, യുവജനങ്ങള്‍, വിദ്യാഭ്യാസസാമൂഹിക സ്ഥാപനങ്ങള്‍ ഇവയെല്ലാം ഒരേ ലക്ഷ്യത്തോടെ വളര്‍ത്തിയെടുക്കുന്ന ഐക്യബോധമാണ് നമ്മുടെ യഥാര്‍ത്ഥ ശക്തി.
അത്തരമൊരു കൂട്ടായ്മയില്‍ നവീകരിക്കപ്പെടുമ്പോള്‍ മാത്രമാണ് ക്രൈസ്തവ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശയെ സുവിശേഷ മൂല്യങ്ങളുടെ പ്രകാശത്തില്‍ രൂപാന്തരപ്പെടുത്താന്‍ കഴിയുന്നത്, മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആമുഖ പ്രഭാഷണം നടത്തി.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് ശ്രീ. രാജീവ് കൊച്ചുപറമ്പില്‍ യോഗത്തിനു നന്ദിയര്‍പ്പിച്ചു.
സീറോ മലബാര്‍ സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കവയലില്‍, പിതാക്കന്‍മാര്‍, വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ വെരി.റവ.ഫാ. പോള്‍ പുതുവ, എസ്.എ.ബി.എസ്. സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസിലി ജോസ് ഒഴുകയില്‍, സഭാ കാര്യാലയത്തിലെ വൈദികര്‍, സന്യസ്തര്‍, സീറോമലബാര്‍ മാതൃവേദി ഗ്ലോബല്‍ പ്രസിഡണ്ട് ശ്രീമതി ബീനാ ജോഷി, സീറോമലബാര്‍ യുവജന സംഘടനയുടെ പ്രസിഡണ്ട് അഡ്വ. സാം സണ്ണി എന്നിവര്‍ സംബന്ധിച്ചു. മുപ്പത്തിനാലാം സിനഡിന്റെ ഒന്നാം സമ്മേളനത്തിന് പ്രാരംഭമായി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.