തന്നെ ക്രൂരമായി ആക്രമിച്ചവരോട് ക്ഷമിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവ യുവാവ്

 
pakistan lea



തന്നെ അതിക്രൂരമായി ആക്രമിച്ചവരോട് നിരുപാധികം ക്ഷമിച്ചുകൊണ്ട് ക്രിസ്തീയ സ്‌നേഹത്തിന്റെ മാതൃക പകരുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഇഖ്ലാഖ് മസീഹ് എന്ന യുവാവ്.

 അക്രമികളില്‍ നിന്ന് ഒരു യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഈ പതിനേഴുകാരന്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്.

 പാക്കിസ്ഥാനിലെ ഷെയ്ഖുപുരയിലെ അജ്‌നിയന്‍വാലയിലുള്ള നസ്രത്ത് കോളനിയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്.

തന്നെ ആക്രമിച്ചവരോട് താന്‍ പൂര്‍ണ്ണമായും ക്ഷമിച്ചുവെന്നും അവര്‍ക്ക് മാനസാന്തരമുണ്ടാകാനും ക്രിസ്തുവിലേക്ക് തിരിയാനുമായി പ്രാര്‍ഥിക്കുകയാണെന്നും ഇഖ്ലാഖ് മസീഹ് പറഞ്ഞു. ആ പെണ്‍കുട്ടിക്കായി നിലകൊള്ളാനും ക്രിസ്തുവിലുള്ള എന്റെ സഹോദരിയെ സംരക്ഷിക്കാനും എന്നെ പ്രേരിപ്പിച്ചത് എന്റെ ക്രൈസ്തവ വിശ്വാസമാണ്,'' മസീഹ് ഐ.സി.സി.യോട് (കഇഇ) വ്യക്തമാക്കി.

ആഗസ്റ്റ് 16-നായിരുന്നു സംഭവം. പ്രദേശത്തെ ഒരു യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ശല്യം ചെയ്യുന്നത് കണ്ട ഇഖ്ലാഖ്, അതിനെ ചോദ്യം ചെയ്യുകയും യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അക്രമികള്‍ ഇഖ്ലാഖിന് നേരെ തിരിയുകയും മതപരമായ അധിക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.


 നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ മാതാപിതാക്കള്‍ ഇഖ്ലാഖിനെ മര്‍ദിക്കരുതെന്ന് അക്രമികളോട് അപേക്ഷിച്ചെങ്കിലും അവരത് ചെവിക്കൊണ്ടില്ല. ഒടുവില്‍ അബോധാവസ്ഥയിലായ ഇഖ്ലാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


 സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മൂന്നുപേരെ പിന്നീട് ഒഴിവാക്കി. ബാക്കി അഞ്ചുപേര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

ഗുരുതരമായി പരിക്കേറ്റ ഇഖ്ലാഖ് നിലവില്‍ പരിക്കുകളില്‍ നിന്ന് പതുക്കെ മുക്തി നേടിവരികയാണ്. അക്രമികള്‍ തന്റെ കുടുംബത്തിന് നേരെ വധഭീഷണി തുടരുന്നതിനെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ഇഖ്ലാഖിനെ മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags

Share this story

From Around the Web