ലണ്ടനിലെ വാറ്റ്‌ഫോർഡിൽ പരസ്യമായി സുവിശേഷ പ്രസംഗം നടത്തുന്നതിനിടെ ക്രിസ്ത്യൻ പാസ്റ്ററെ അറസ്റ്റ് ചെയ്തു
ലണ്ടനിലെ വാറ്റ്‌ഫോർഡിൽ പരസ്യമായി സുവിശേഷ പ്രസംഗം നടത്തുന്നതിനിടെ ക്രിസ്ത്യൻ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. വാറ്റ്‌ഫോർഡ് ഒയാസിസ് സിറ്റി ചർച്ചിലെ സീനിയർ പാസ്റ്ററായ സ്റ്റീവ് മൈലെയെയാണ് (Steve Maile) മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത് . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഏപ്രിൽ 18 നു ആണ് നാടകീയമായ സംഭവം അരങ്ങേറിയത്. താൻ യാതൊരുവിധ നിയമലംഘനവും നടത്തിയിട്ടില്ലെന്നും സമാധാനപരമായി സുവിശേഷം പ്രസംഗിക്കുക മാത്രമാണ് ചെയ്തതെന്നും പാസ്റ്റർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും പോലീസ് അത് കേൾക്കാൻ തയ്യാറായില്ല. ഒരാളെ മർദ്ദിച്ചു എന്നാരോപിച്ചാണ് പോലീസ് അദ്ദേഹത്തെ പിടികൂടിയത്. എന്നാൽ, പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ ഹെർട്ട്ഫോർഡ്ഷയർ പോലീസ് വ്യക്തമാക്കിയത് മർദ്ദനക്കേസിൽ കൂടുതൽ തെളിവുകളില്ലാത്തതിനാൽ ആ പരാതി ഒഴിവാക്കിയെന്നാണ്. പകരം, വംശീയമോ മതപരമോ ആയ വിദ്വേഷം പടർത്തുന്ന രീതിയിൽ പെരുമാറി എന്ന 'സെക്ഷൻ 5 പബ്ലിക് ഓർഡർ' (Section 5 Public Order) പ്രകാരമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പോലീസിനെതിരെ പാസ്റ്റർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു.
"ബ്രിട്ടീഷ് പോലീസ് എന്നെ ക്രൂരമായി മർദ്ദിചു. കടുത്ത ശാരീരിക വേദനയിലൂടെയാണ് ഞാൻ കടന്നുപോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ തികച്ചും വ്യാജമാണെന്നും, സുവിശേഷം പ്രസംഗിക്കുന്നതിൽ നിന്ന് തന്നെ തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിൽ സുവിശേഷ പ്രഘോഷകർക്ക് നേരെ പോലീസ് നടപടി ഉണ്ടാകുന്നത് ഇതാദ്യമല്ല.
കഴിഞ്ഞ നവംബറിൽ ബ്രിസ്റ്റോളിൽ പാസ്റ്റർ ഡയ മൂഡ്‌ലിയെ സമാനമായ രീതിയിൽ അറസ്റ്റ് ചെയ്തിരുന്നു.