ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ കുട്ടി പിറന്നു;ജനന രജിസ്റ്ററില്‍ ആദ്യ ഭര്‍ത്താവിന്റെ പേര്, തിരുത്തി നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

 
HIGH COURT


കൊച്ചി: നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന (ലിവിംഗ് ടുഗെതര്‍) ദമ്പതികള്‍ക്ക് പിറന്ന കുഞ്ഞിന്റെ ജനന രജിസ്റ്ററില്‍ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കുട്ടികളുടെ രക്ഷാധികാരിയെന്ന (പാരന്‍സ് പാട്രേയ) അധികാരവും വിനിയോഗിച്ചാണ് ജനന രജിസ്റ്ററില്‍ തിരുത്തല്‍ വരുത്താന്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്.

കുട്ടികള്‍ക്ക് വേദനിക്കുമ്പോള്‍ ഓടിയെത്താന്‍ മാതാപിതാക്കള്‍ മാത്രമല്ല കോടതിയും ഉണ്ടെന്ന സന്ദേശം കുട്ടികളില്‍ എത്തിക്കാന്‍ ''പാരന്‍സ് പാട്രേയ' വ്യവസ്ഥ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ജനന രജിസ്റ്ററില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കൊച്ചി കോര്‍പ്പറേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ദമ്പതിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജനന രജിസ്റ്ററില്‍ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയാല്‍ തിരുത്താന്‍ നിയമം അനുവദിക്കുന്നില്ല. കുട്ടിയുടെ ഡി.എന്‍.എ. പരിശോധനയടക്കമുള്ള നിബന്ധന തിരുത്തലിന് വേണം. എന്നാല്‍ പിതാവ് ആരെന്നതില്‍ തര്‍ക്കം ഇല്ലെങ്കില്‍ ഡി.എന്‍.എ. പരിശോധനയടക്കം വേണമെന്ന് നിഷ്‌കര്‍ഷിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

ഇത്തരത്തില്‍ നിയമത്തിലും ചട്ടത്തിലും ഭേദഗതി കൊണ്ടുവരുന്നത് പരിഗണിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും കോടതി നിര്‍ദേശിച്ചു. ഉത്തരവിന്റെ പകര്‍പ്പ് അയച്ചുകൊടുക്കാന്‍ രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കി.അഞ്ചാം ക്ലാസിലെ മലയാളം പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുമാരനാശാന്റെ 'പരിക്കേറ്റ കുട്ടി' എന്ന കവിതയിലെ 'അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാന്‍
അറ്‌ലൃശേലൊലിേ
കരയായ്കോമനേ കരള്‍ വാടി പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി-ക്കരയായ്കോമനേ,വരുന്നു ഞാന്‍' എന്ന വരികളും കുട്ടികള്‍ക്ക് വേദനിക്കുമ്പോള്‍ സഹായമായി കോടതിയും ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കാനായി ഉത്തരവില്‍ ഉള്‍പ്പെടുത്തി.
കോടതി പരിഗണിച്ച കേസില്‍ കുട്ടിയുടെ അമ്മ 2007-ല്‍ വിവാഹം കഴിച്ചിരുന്നു. 2021-ല്‍ നിയമപ്രകാരം വേര്‍പിരിഞ്ഞു. തുടര്‍ന്ന് മറ്റൊരാളുമായി ലിവിങ് റിലേഷനിലായി. ഈ ബന്ധത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പെണ്‍കുട്ടി പിറന്നു. എന്നാല്‍ കൊച്ചി കോര്‍പ്പറേഷനിലെ ജനന രജിസ്റ്ററില്‍ യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ പേരാണ് പിതാവിന്റെ സ്ഥാനത്ത് എഴുതിയത്. ഈ തെറ്റ് തിരുത്താന്‍ നിയമം അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയത്.

കോടതി മുന്‍ ഭര്‍ത്താവിന് നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റുകപോലും ചെയ്തില്ല. രജിസ്റ്ററില്‍ മാറ്റം വരുത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചത് കോടതി അംഗീകരിച്ചു. എന്നാല്‍ ഇവിടെ കുട്ടിയുടെ പിതാവ് ആരെന്ന കാര്യത്തില്‍ ആരും തര്‍ക്കം ഉന്നയിച്ചിട്ടില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. നിയമം അനുവദിക്കാത്തിടത്ത് ഭരണഘടന കോടതിക്ക് ഇടപെടാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതി ജനന സര്‍ട്ടിഫിക്കറ്റ് 30 ദിവസത്തിനകം തിരുത്തി നല്‍കാന്‍ ഉത്തരവിട്ടത്.

Tags

Share this story

From Around the Web