ഗർഭസ്ഥശിശുവിനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ആശ്വാസമായി ഒരു കത്തോലിക്കാ ആത്മീയ കൂട്ടായ്മ
ജനിക്കുന്നതിന് മുൻപോ പ്രസവസമയത്തോ തങ്ങളുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടുപോയ മാതാപിതാക്കളുടെ തീരാദുഃഖത്തിന് ആശ്വാസവും ആത്മീയ പിന്തുണയും നൽകാൻ പ്രത്യേക പ്രാർഥനാ കൂട്ടായ്മയൊരുങ്ങുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ, ഗർഭകാലത്തെ ശിശുമരണത്തിന്റെ വേദനയിലൂടെ കടന്നുപോകുന്നവരെ ചേർത്തുപിടിക്കാൻ ‘ഗർഭപാത്രത്തിൽ നിന്നും ഹൃദയത്തിലേക്ക്’ (Del Vientre al Corazón) എന്ന പേരിൽ പ്രത്യേക ആത്മീയ ധ്യാനവും കൗൺസിലിംഗുമാണ് മെക്സിക്കോയിൽ സംഘടിപ്പിക്കുന്നത്.
സാമൂഹികമായി പലപ്പോഴും വേണ്ടത്ര തിരിച്ചറിയപ്പെടാതെയോ ചർച്ച ചെയ്യപ്പെടാതെയോ പോകുന്ന ഒന്നാണ് ഗർഭസ്ഥശിശുക്കളുടെ മരണം മൂലമുണ്ടാകുന്ന മാതാപിതാക്കളുടെ മാനസിക വിഷമം. ഈ ആഴത്തിലുള്ള ആഘാതത്തെ വിശ്വാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും മറികടക്കാൻ സഹായിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
കുഞ്ഞ് നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് തങ്ങളുടെ സങ്കടങ്ങളും നിരാശയും മറ്റുള്ളവരുമായി പങ്കുവെക്കാനും പരസ്പരം ആശ്വസിപ്പിക്കാനുമുള്ള ഒരു സുരക്ഷിത വേദിയൊരുക്കുന്നു. കത്തോലിക്കാ സഭയുടെ പ്രാർഥനകളിലൂടെയും കൂദാശകളിലൂടെയും മാതാപിതാക്കളുടെ തകർന്ന മനസ്സിന് ആത്മീയമായ സൗഖ്യവും പ്രത്യാശയും നൽകുക. ജനിക്കാൻ കഴിയാതെ പോയ കുഞ്ഞുങ്ങൾ ദൈവത്തിന്റെ സന്നിധിയിലുണ്ടെന്ന വിശ്വാസത്തോടെ, അവരുടെ ഓർമ്മകളെ മാതാപിതാക്കളുടെ ഹൃദയത്തോട് ചേർത്തുനിർത്താൻ സഹായിക്കുക എന്നിവയാണ് ഈ ആത്മീയ സംരംഭത്തിന്റെ ലക്‌ഷ്യം.