ലൈബീരിയയില്‍  പുതിയൊരു നാളെയെക്കുറിച്ചുള്ള പ്രത്യാശ വിതയ്ക്കുകയാണ് ഒരു കത്തോലിക്കാ സന്ന്യാസിനി

 
nun


യുദ്ധങ്ങളുടെയും ആഭ്യന്തര കലഹങ്ങളുടെയും കറുത്ത ഓര്‍മ്മകളില്‍ നിന്ന് ലൈബീരിയ എന്ന പശ്ചിമാഫ്രിക്കന്‍ രാജ്യം ഇന്നും പൂര്‍ണ്ണമായും മുക്തമായിട്ടില്ല. തകര്‍ന്നടിഞ്ഞ സാമൂഹികാവസ്ഥയും സാമ്പത്തിക പ്രതിസന്ധികളും ജനങ്ങളുടെ ജീവിതത്തെ ഉലയ്ക്കുമ്പോഴും, അവിടെ പുതിയൊരു നാളെയെക്കുറിച്ചുള്ള പ്രത്യാശ വിതയ്ക്കുകയാണ് ഒരു കത്തോലിക്കാ സന്ന്യാസിനി. സിസ്റ്റേഴ്‌സ് ഓഫ് ദി ഹോളി ഫാമിലി' (Sisters of the Holy Family) സന്ന്യാസിനീ സമൂഹത്തിലെ അംഗവും കേപ് പാല്‍മാസ് രൂപതയുടെ എഡ്യൂക്കേഷന്‍ സെക്രട്ടറിയും രാജ്യത്തെ കത്തോലിക്കാ സ്‌കൂളുകളുടെ നാഷണല്‍ കോര്‍ഡിനേറ്ററുമായ സിസ്റ്റര്‍ ഫിലോമിന ഡബ്ല്യു ജാപ്പയാണ് ആ സന്ന്യാസിനി.

''ലൈബീരിയയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം എന്നത് വെറും അറിവ് പകരുന്ന ഒരു പ്രക്രിയ മാത്രമല്ല; അതൊരു സുവിശേഷപ്രവര്‍ത്തനമാണ്, മുറിവുകള്‍ ഉണക്കലാണ്, പ്രത്യാശ നല്‍കലാണ്, അതിലുപരി അതൊരു രാഷ്ട്രനിര്‍മ്മാണമാണ്'' - സിസ്റ്റര്‍ ഫിലോമിന പറയുന്നു.

ദീര്‍ഘകാലം നീണ്ടുനിന്ന ആഭ്യന്തരയുദ്ധങ്ങളും പിന്നീട് ആഞ്ഞടിച്ച എബോള പോലുള്ള പകര്‍ച്ചവ്യാധികളും ലൈബീരിയയിലെ വിദ്യാഭ്യാസമേഖലയെ പാടേ തകര്‍ത്തിരുന്നു. ഇന്നും പലയിടങ്ങളിലും അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിടുന്ന സിസ്റ്റര്‍ ഫിലോമിനയുടെ നേതൃത്വത്തില്‍ കത്തോലിക്കാ വിദ്യാലയങ്ങള്‍ അവിടെ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികവും ആത്മീയവുമായ വളര്‍ച്ചയ്ക്കും ഇവര്‍ മുന്‍ഗണന നല്‍കുന്നു. ആത്മീയതയും വിദ്യാഭ്യാസവും സാമൂഹിക പരിവര്‍ത്തനവും ഒത്തുചേരുന്ന ഒരു വഴിയിലാണ് സിസ്റ്ററുടെ ദൈനംദിന ജീവിതം കടന്നുപോകുന്നത്. കേവലം പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്കപ്പുറം, സമാധാനത്തിന്റെ മൂല്യങ്ങളും പരസ്പരസ്‌നേഹവും കുട്ടികളിലേക്ക് പകര്‍ന്നുനല്‍കാന്‍ ഇവിടത്തെ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധികളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും തങ്ങളുടെ ദൗത്യത്തിന് തടസ്സമാകാതിരിക്കാന്‍ സിസ്റ്റര്‍ ഫിലോമിന പ്രത്യേകം ശ്രദ്ധിക്കുന്നു. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള, പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് തന്റെ ജീവിതദൗത്യമെന്ന് സിസ്റ്റര്‍ വിശ്വസിക്കുന്നു. പ്രാദേശിക സമൂഹങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവര്‍, മാതാപിതാക്കളെയും ഈ പ്രക്രിയയില്‍ പങ്കാളികളാക്കുന്നുണ്ട്.

തകര്‍ന്നടിഞ്ഞ ഒരു സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെയും ആത്മീയനവീകരണത്തിലൂടെയും മാത്രമേ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കൂ എന്ന വലിയ പാഠമാണ് ഈ സന്ന്യാസിനി ലോകത്തിന് കാണിച്ചുതരുന്നത്. അവരുടെ ഓരോ ചുവടുവയ്പ്പും ലൈബീരിയന്‍ ജനതയ്ക്ക് കേവലം ഒരു സഹായമല്ല, മറിച്ച് അന്തസ്സോടെ ജീവിക്കാനുള്ള കരുത്താണ് പകരുന്നത്.

Tags

Share this story

From Around the Web