ഒഡീഷയിലെ കത്തോലിക്കാ ദൈവാലയത്തിനു നേരെ ആള്‍ക്കൂട്ട ആക്രമണം. അള്‍ത്താരയും തിരുസ്വരൂപങ്ങളും തകര്‍ത്തു
കത്തോലിക്കാ ദൈവാലയത്തിനു നേരെ ആള്‍ക്കൂട്ട ആക്രമണം. ഒഡീഷയിലെ രായഗഡ ജില്ലയിലുള്ള ഡെംഗാസ്വര്‍ഗി ഗ്രാമത്തിലെ ദേവാലയത്തിന് നേരെയാണ് ആള്‍ക്കൂട്ടാക്രമണം നടന്നത്.
മാര്‍ച്ച് 3-ന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ഒരു സംഘം ആളുകള്‍ പള്ളിയുടെ വാതിലുകള്‍ തകര്‍ത്ത് അകത്തുകയറി അള്‍ത്താരയും തിരുസ്വരൂപങ്ങളും തകര്‍ത്തു.
ഇതിനുപുറമെ, പള്ളിക്കുള്ളിലുണ്ടായിരുന്ന ബൈബിള്‍, ആരാധനാ പുസ്തകങ്ങള്‍, വൈദികര്‍ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങള്‍ എന്നിവക്കെല്ലാം അക്രമികള്‍ തീയിട്ടു . പള്ളിയുടെ മുകള്‍ഭാഗത്തിനും അക്രമികള്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.
ആരാധനാലയം തകര്‍ത്തതിന് പിന്നാലെ ഗ്രാമത്തിലെ ക്രൈസ്തവ വിശ്വാസികളെ സംഘം ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് അക്രമികള്‍ ഭീഷണി ഉയര്‍ത്തിയത്.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ ക്രൈസ്തവ കുടുംബങ്ങള്‍ വലിയ ഭീതിയിലാണ്. പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില പ്രാദേശിക തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് വിവരങ്ങള്‍ പുറത്തു വരുന്നുണ്ട് .
പള്ളിക്ക് നേരെ നടന്ന ഈ ഹീനമായ ആക്രമണത്തെ കത്തോലിക്കാ സഭയും വിവിധ ക്രൈസ്തവ സംഘടനകളും ശക്തമായി അപലപിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.
രായഗഡ ബിഷപ്പ് മോണ്‍. അപ്ലിനാര്‍ സേനാപതിയുടെ നിര്‍ദ്ദേശപ്രകാരം സഭാനേതൃത്വം നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. വികാരി ജനറല്‍ ഫാ. ശാന്തി ചന്ദ്ര പാണി ഉള്‍പ്പെടെയുള്ള സഭാ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.